X

കാൾ മാർക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്; ശാന്തിവനം വിഷയത്തില്‍ സിപിഎമ്മിനോടും സര്‍ക്കാരിനോടും ആഷിക് അബു

കെ.എസ്.ഇ.ബി ഇതുവരെ ചിലവഴിച്ച തുക തങ്ങള്‍ പിരിച്ചു നല്‍കാമെന്നും ആഷിക്

എറണാകുളം പറവൂരിലെ വഴിക്കുളങ്ങരയിലെ മനുഷ്യനിര്‍മ്മിത വനമായ ശാന്തിവനം നശിപ്പിച്ചുകൊണ്ട്  ലൈന്‍ വലിക്കാനും ടവര്‍ പണിയാനുമായുള്ള നീക്കവുമായി കെ.എസ്.ഇ.ബി മുന്നോട്ട് പോവുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉടമ മീനാ മേനോനും ശാന്തിവനം സംരക്ഷണ സമിതിയും ഉയര്‍ത്തുന്നത്. എന്നാല്‍ സമരത്തെയും അതിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തുന്നവരെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ടവര്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകും എന്ന തീരുമാനം വൈദ്യുതി മന്ത്രി എം എം മണിയടക്കമുള്ളവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

കെ എസ് ഇ ഭിക്കും സര്‍ക്കാരിനും സി പി എമ്മിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക തങ്ങള്‍ പിരിച്ചു നല്‍കാമെന്നും നഷ്ടം കമ്പനി സഹിക്കണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആഷിക് പറയുന്നു. ഒപ്പം ഈ വളവ് നേരെയാക്കി ഒരു മരം പോലും മുറിക്കാതെ വികസനം സര്‍ക്കാര്‍ നടപ്പാക്കണമെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. 
ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ. 
CPI(M).കാൾ മാർക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.’

എറണാകുളം നോര്‍ത്ത് പറവൂര്‍, വഴിക്കുളങ്ങരയിലാണ് രണ്ട് ഏക്കറോളം വരുന്ന മനുഷ്യ നിര്‍മ്മിത ശാന്തിവനം സ്ഥിതിചെയ്യുന്നത്. രവീന്ദ്രനാഥ് എന്ന പരിസ്ഥിതി സ്നേഹിയാണ് കാവും കുളവും കാടും അടങ്ങുന്ന ശാന്തിവനത്തിന്റെ സൃഷ്ടാവ്. അദ്ദേഹത്തിന്റെ മകള്‍ മീനാ മേനോനാണ് ഇപ്പോള്‍ ശാന്തിവനം പരിപാലിക്കുന്നത്.

കെഎസ്ഇബി 110 കെ.വി ലൈന്‍ വലിക്കുന്നതോടെ ഇവിടുത്തെ മൂന്ന് കാവും മൂന്ന് കുളവും ചേര്‍ന്ന സൂക്ഷ്മ ആവാസ വ്യവസ്ഥ തകര്‍ന്നടിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാന്തിവനം ഇന്നിപ്പോള്‍ സ്വകാര്യ ഭൂമി എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള കേന്ദ്രമായി കൂടി മാറിയിരിക്കുകയാണ്. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. നാകമോഹന്‍, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചന്‍കോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യന്‍ ബുള്‍ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ ഉള്ളതായി പരിസ്ഥിതിപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Read More : /1900ത്തിനു ശേഷമുള്ള കലണ്ടറിലെ ഏത് തിയതി പറഞ്ഞാലും ഏത് ദിവസമാണെന്ന് കാര്‍ത്തിക് പറയും; പരിചയപ്പെടാം നാലാം ക്ലാസുകാരനായ ‘കണക്കുമാഷെ’

This post was last modified on May 8, 2019 11:49 am