X

‘ജനങ്ങള്‍ സൈന്യത്തെ വിശ്വസിക്കുന്നു, നിങ്ങളേയും സംഘത്തെയുമാണ് വിശ്വാസമില്ലാത്തത്’; മോദിക്കെതിരെ നടൻ സിദ്ധാർത്ഥ്

പുല്‍വാമ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം പറയുന്നു.

പുല്‍വാമ ആക്രമണത്തെ പ്രധാനമന്ത്രി രാഷ്ട്രീയവത്കരിക്കുന്നെന്ന ആരോപണവുമായി നടൻ സിദ്ധാര്‍ത്ഥ്. ബലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് തേടി പ്രതിപക്ഷം രംഗത്തെത്തിയതിനെതിരെ മോദി പൊതുവേദിയില്‍ വിമർശിച്ചതിന്  പിറകെയാണ് സിദ്ധാർത്ഥിന്റെ പ്രതികരണം. തന്റെ ട്വിറ്ററിലായിരുന്നു താരത്തിന്റെ കുറിപ്പ്.

‘രാജ്യത്തെ ജനങ്ങള്‍ സൈന്യത്തെ വിശ്വസിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളേയും നിങ്ങളുടെ സംഘത്തെയുമാണ് അവര്‍ക്ക് വിശ്വാസമില്ലാത്തത്. പുല്‍വാമ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കുക. യഥാര്‍ത്ഥ ഹീറോകളെ മറയാക്കി ഹീറോയാണെന്ന് നടിക്കരുത്” എന്നും സിദ്ധാര്‍ത്ഥ് ട്വീറ്റിൽ ആരോപിക്കുന്നു. നിങ്ങൾ ഒരു സൈനികനല്ല. താങ്കളെ സൈനികനായി ജനങ്ങള്‍ക്ക് കാണാനാവില്ല. മറ്റുള്ളവര്‍ അത്തരത്തില്‍ പെരുമാറുമെന്ന് ധരിക്കരുത്. ജയ്ഹിന്ദ് എന്നു പറഞ്ഞാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ഇതിന് മുൻപും മോദി സർക്കാരിനെതിരെ സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ട ബിജെപിക്കാരെ ഞങ്ങള്‍ നിങ്ങളുടെ ഭക്തരോ നിങ്ങള്‍ പറയുന്ന ലിബ്റ്റാര്‍ഡ്സ് (ലിബറല്‍ + ബാസ്റ്റാര്‍ഡ്സ്) പോലുള്ള വൃത്തികെട്ടവരോ ഒന്നുമല്ല. ഞങ്ങള്‍ ഇന്ത്യക്കാര്‍ മാത്രം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. വെറുപ്പ് അവസാനിപ്പിക്കുക. എന്നതുൾപ്പെടെയായിരുന്നു താരത്തിന്റെ മുൻ ട്വീറ്റുകൾ.

This post was last modified on March 5, 2019 11:57 am