X

ആമസോണ്‍ എന്തിനാണ് ഇത്രമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ വീടുകളിലേക്ക് അയയ്ക്കുന്നത്?

ഓര്‍ഡര്‍ ചെയ്യുന്ന ചെറിയ സാധനങ്ങള്‍ പോലും ആവശ്യമില്ലാതെ കുറേ തവണ പൊതിഞ്ഞാണ് പലപ്പോഴും നമ്മുടെ കയ്യില്‍ എത്താറുള്ളത്

ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഒരിക്കലെങ്കിലും കൈപ്പറ്റിയവര്‍ ഇത് താന്‍ ആവശ്യപ്പെട്ട സാധനം തന്നെയാണോയെന്ന് സംശയിച്ചിട്ടുണ്ടാകും. വാങ്ങിയത് ഒരു കഷണം തുണിയാണെങ്കില്‍ അത് പൊതുഞ്ഞുവരുന്ന വലിയ കവര്‍ ആണ് എല്ലാവരിലും ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുക. ചെറിയ സാധനങ്ങള്‍ പോലും ചില സമയങ്ങളില്‍ വലിയ ബോക്സുകളിലാണ് എത്തിച്ചേരുന്നത്.

ഓര്‍ഡര്‍ ചെയ്യുന്ന ചെറിയ സാധനങ്ങള്‍ പോലും ആവശ്യമില്ലാതെ കുറേ തവണ പൊതിഞ്ഞാണ് പലപ്പോഴും നമ്മുടെ കയ്യില്‍ എത്താറുള്ളത്. പൊതിയുടെ നാലിലൊരു ഭാഗം പോലും ആവശ്യമില്ലാത്ത കവറില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുത്തിനിറച്ചിരിക്കുന്നതും പലപ്പോഴും കാണാം. ഇങ്ങനെ കഴിഞ്ഞ ദിവസം ഒരു ഉപഭോക്താവിനു ആമസോണില്‍ നിന്നും ലഭിച്ച ബോക്സിനെ കുറിച്ച് അദ്ദേഹം ഇട്ട രസകരമായ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ ആര്‍ജിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും സീറോ വേസ്റ്റ് ആക്ടിവിസ്റ്റുമായ ടി.സി രാജേഷ് സിന്ധുവിന്റെ പോസ്റ്റിങ്ങനെ:
ഇന്നലെ ആമസോണില്‍നിന്ന് കാര്‍ തുടയ്ക്കുന്ന ഒരു ഡസ്റ്റര്‍ വാങ്ങി. അതു വന്ന പെട്ടി കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. തുറന്നപ്പോഴാണ് രസം. അതിനുള്ളിലെ നാലിലൊന്ന് സ്ഥലം പോലും വേണ്ട ഈ പറയുന്ന സാധനത്തിന്. ഒരു പ്രത്യേക കവറില്‍ അതൊരു മൂലയ്ക്ക് വച്ചിരിക്കുന്നു. ബാക്കി സ്ഥലത്ത് കാറ്റുനിറച്ച വലിയൊരു പ്ലാസ്റ്റിക് മാല. ഏറ്റവും വലിയ തമാശ, പ്ലാസ്റ്റിക് മാലയില്‍ എഴുതിയിട്ടുണ്ട് – റീയൂസ്, റെഡ്യൂസ്, റീസൈക്കിള്‍’. പിന്നെന്തിനാണ് ഒരാവശ്യവുമില്ലാതെ ഇതൊക്കെ ഇങ്ങോട്ടു കെട്ടി വിടുന്നതെന്നാണ് അറിയാന്‍ വയ്യാത്തത്.
പോസ്റ്റിനൊപ്പം അദ്ദേഹം ബോക്സിന്റെ ചിത്രങ്ങളും ഇട്ടിട്ടുണ്ട്.

അതേസമയം ആമസോണിലെ ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യുന്നത് റോബോട്ടുകള്‍ ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് സൂചന.

This post was last modified on February 2, 2019 2:43 pm

Related Post
Leave a Comment