X

‘പപ്പുമോൻ പരാമർശം അനുചിതം; നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയമല്ല’: വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റർ

പി രാജീവാണ് എഡിറ്റോറിയൽ തയ്യാറാക്കിയതെന്ന വിടി ബൽറാമിന്റെ പരാമർശത്തെയും പിഎം മനോജ് പേരെടുത്ത് പറഞ്ഞ് വിമർശിക്കന്നുണ്ട്.

രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിന് പിറകെ ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണെന്ന് വ്യക്തമാക്കി റസിഡന്റ് എഡിറ്റർ പിഎം മനോജ്.
രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ലെന്ന് വ്യക്തമാക്കിയാണ് പിഎം മനോജ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണണം.

പപ്പുമോൻ എന്ന പ്രയോഗം അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ്. വിഷയം പരിശോധിക്കുന്നതിനും തിരുത്തുന്നതിനും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ബിജെപി നേതാക്കൾ പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇപ്പോൾ രംഗത്തെത്തിയത് തീർത്തും പരിഹാസ്യമാണെന്നും പി എം മനോജ് ആരോപിക്കുന്നു.

രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കെ മുരളീധരൻ മുൻപ് സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഇടത് പക്ഷം അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നാൽ സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിച്ച വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്നും അദ്ദേഹം പറയുന്നു. പി രാജീവാണ് എഡിറ്റോറിയൽ തയ്യാറാക്കിയതെന്ന വിടി ബൽറാമിന്റെ പരാമർശത്തെയും പിഎം മനോജ് പേരെടുത്ത് പറഞ്ഞ് വിമർശിക്കന്നുണ്ട്.

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പുമോൻ എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല.

എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

This post was last modified on April 1, 2019 2:24 pm

Related Post
Leave a Comment