രാജീവ് ഗാന്ധി കുടുംബാവശ്യത്തിനായി യുദ്ധക്കപ്പല്‍ ഉപയോഗിച്ചു എന്ന നരേന്ദ്രമോദിയുടെ ആരോപണത്തിന് വിമര്‍ശനവുമായി കോണ്ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. അക്ഷയ് കുമാറിനെ ചൂണ്ടിക്കാട്ടിയാണ് ദിവ്യയുടെ വിമര്‍ശനം.
ഐ എന്‍ എസ് സുമിത്രയില്‍ വെച്ചുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ദിവ്യ സ്പന്ദന രംഗത്തെത്തിയത്. ഒരു കനേഡിയന്‍ പൗരന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ കയറുന്നത് ഉചിതമാണോ എന്നായിരുന്നു പ്രധാനമന്ത്രിയേയും അക്ഷയ്കുമാറിനേയും ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടളള ദിവ്യ സ്പന്ദനയുടെ ചോദ്യം.
മോദിയുമായും ബിജെപിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ് കുമാര്‍ നേരത്തേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരുന്നതും വാര്‍ത്തയായിരുന്നതാണ്. കഴിഞ്ഞ മാസം അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖവും ഏറെ ചര്‍ച്ചയായിരുന്നു.
ഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നരേന്ദ്രമോദി ആരോപണമുന്നയിച്ചത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിരാട് രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ മോദിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മുന്‍ നാവികസേനാ ചീഫ് അഡ്മിറലും വിരാടിന്റെ മുന്‍ കമാന്‍ഡിങ്ങ് ഓഫീസറുമായിരുന്ന എല്‍. രാമദാസ്, ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വജാഹത്ത് ഹബീബുള്ള, റിട്ട. വൈസ് അഡ്മിറല്‍ വിനോദ് പസ്‌റിച്ച എന്നിവര്‍ വ്യക്തമാക്കിയിരുന്നു.
രാജീവ് ഗാന്ധിക്കെതിരായുള്ള മോദിയുടെ ആരോപണത്തിനെതിരെ കടുത്ത പ്രത്യാക്രമണമാണ് കോണ്‍ഗ്രസും നടത്തുന്നത്. വ്യോമസേനാ വിമാനം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി സ്വന്തം ടാക്‌സിയായാണ് ഉപയോഗിക്കുന്നത് എന്നും ഇതിനായി വെറും 744 രൂപ മാത്രമാണ് നല്‍കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
This post was last modified on May 10, 2019 12:51 pm
Leave a Comment