ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിങ്ങിനിടയില്‍ കുഴഞ്ഞ വീണ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സൈനികന്റെ സാഹസിക പ്രകടനം. ഉദ്യോഗസ്ഥനെ തോളിലേറ്റി സുരക്ഷാ ഉദ്യോഗസ്ഥൻ ഓടേണ്ടിവന്നത് മുന്ന് കിലോമീറ്ററോളം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജവാനെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിലാണ് സംഭവം.
ഗുംലാ ജില്ലയിലെ ഒരു ഗ്രാമമായ സരാംഗോയില്‍ ജോലിക്കായി പോസ്റ്റ് ചെയ്യപ്പെട്ട ലിയോണാര്‍ഡ് ലക്ഡാ എന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. വൈകുന്നേരം 4 മണിയോടു കൂടിയാണ് ലക്ഡാ കുഴഞ്ഞു വീഴുന്നത്. അദ്ദേഹത്തിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. പോളിങ്ങ് ബൂത്തിന്റെ സുരക്ഷയ്ക്കായുണ്ടായിരുന്ന സിആര്‍പിഎഫ് ജവാനായ അനില്‍ ശര്‍മ്മ അദ്ദേഹത്തിനു ഫസ്റ്റ് എയിഡ് നല്‍കി. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു മനസ്സിലാക്കിയ ജവാന്‍ ബൂത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയിലേക്ക് ഉദ്യോഗസ്ഥനെ തോളിലേറ്റി കൊണ്ടു പോകുകയായിരുന്നു.
കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ജവാന്റെ ധീര പ്രവൃത്തിയെ കുറിച്ച് സിആര്‍പിഎഫ് അവരുടെ ട്വിറ്ററിലെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. അനില്‍ ശര്‍മ്മയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
This post was last modified on May 1, 2019 7:14 pm
Leave a Comment