X

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം; രാഹുല്‍ ഗാന്ധി മുന്നണി മര്യാദ കാണിച്ചെന്നു കെ സുരേന്ദ്രന്റെ പരിഹാസം

കൊലപാതകങ്ങളെ വിമര്‍ശിച്ചുള്ള രാഹുലിന്റെ ട്വീറ്റില്‍ സിപിഎമ്മിനെ പരാമര്‍ശിക്കുന്നില്ലെന്നതാണ് സുരേന്ദ്രന്റെ പരിഹാസത്തിനു കാരണം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു പറയാന്‍ തയ്യാറാകാത്ത രാഹുല്‍ ഗാന്ധി മുന്നണി മര്യാദ കാണിച്ചുവെന്ന പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്ത ട്വീറ്റാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പരിഹാസത്തിനു കാരണമാക്കിയത്.

കാസറഗോഡെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറയുന്ന രാഹുല്‍, കൊലപാതകം ഒരിക്കലും നീതികരിക്കാനാവില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആരോപണം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സിപിഎമ്മിനെ പേരെടുത്തു പറയുന്നില്ലെന്നതാണ് സുരേന്ദ്രന്റെ പരിഹാസത്തിനു കാരണം. സഖ്യകക്ഷിയുടെ പേര് പറയാതിരിക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചു. ഇതാണ് മുന്നണി മര്യാദ, ജയ് രാജാ ജയ്…എന്നാണ് കെ സുരേന്ദ്രന്റെ പരിഹാസം.