X
    Categories: KritiMain

വാണിജ്യനഗരത്തെ സാംസ്‌കാരികനഗരമാക്കി അടുത്ത കൃതി 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ

'രണ്ടു വര്‍ഷം കൊണ്ട് കൃതി ഒരു വികാരമായിരിക്കുകയാണ്. വലിയ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങള്‍ കൃതിയെ ഏറ്റെടുത്തത്

ഏഷ്യയിലെ വന്‍കിട പുസ്തകമേളകളുടെ ഭൂപടത്തില്‍ കൊച്ചിക്കും ഇടം നല്‍കിയ കൃതി അന്താരാഷ്ട്ര പുസത്കമേളയുടേയും വിജ്ഞാനോത്സവവത്തിന്റേയും രണ്ടാം പതിപ്പിന് തിരശ്ശീല വീണു. പ്രളയക്കെടുതികളില്‍ നിന്ന് പൂര്‍ണമായും കര കയറും മുമ്പേ വന്നിട്ടും കൃതിയെ വന്‍വിജയമാക്കിയ കേരളത്തിലെ പുസ്തകപ്രേമികളായ ജനങ്ങളോടും സഹകരണപ്രസ്ഥാനത്തോടും പ്രസാധകരോടും കൃതിക്ക് പിന്തുണ നല്‍കിയ സാംസ്‌കാരിക, വിദ്യാഭ്യാസ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും എല്ലാറ്റിനുമുപരിയായി കൃതിയെ വലിയൊരു സാംസ്‌കാരിക ഉത്സവമാക്കിയ വിദ്യാര്‍ത്ഥികളോടും സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നന്ദി പറഞ്ഞു. കൃതിയുടെ മൂന്നാം പതിപ്പ് കൊച്ചിയില്‍ 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘രണ്ടു വര്‍ഷം കൊണ്ട് കൃതി ഒരു വികാരമായിരിക്കുകയാണ്. വലിയ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങള്‍ കൃതിയെ ഏറ്റെടുത്തത്. വര്‍ഗീയത വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് മതേതരമായ ഈ സാംസ്‌കാരിക സമാഗമം കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഏറെ നിര്‍ണായകമായി. പ്രളയത്തില്‍ തകര്‍ന്ന ഭൗതികസമ്പത്തുക്കള്‍ക്കൊപ്പം കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും തിരിച്ചു പിടിക്കുന്നതിനു ലക്ഷ്യമിട്ട് നല്‍കിയ ‘ഭാവിയിലേയ്ക്കൊരു മടക്കയാത്ര’ എന്ന ഇതിവൃത്തവും ഇതോടെ സാര്‍ത്ഥകമായെന്ന് മന്ത്രി പറഞ്ഞു. അതിനൊപ്പം ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന കേരളത്തിലെ പുസ്തക പ്രസാധന-വിതരണ വിപണിയ്ക്കും വലിയ ഉണര്‍വാണ് കൃതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 248 സ്റ്റാളുകളിലായി 136 വന്‍കിട, ഇടത്തരം, ചെറുകിട പ്രസാധകര്‍ പങ്കെടുത്ത കൃതിയുടെ കേരളത്തിലെ ഇത്തരത്തില്‍പ്പെട്ട എക്കാലത്തെയും ഏറ്റവും വലിയ പുസ്തകമേളയായി.

പുസ്തകമേളയുടെ ഭാഗമായി നടത്തിയ വിജ്ഞാനോത്സവമായിരുന്നു കൃതിയുടെ മറ്റൊരു സവിശേഷത. 175-ലേറെ എഴുത്തുകാരും വിഷയ വിദഗ്ധരും പങ്കെടുത്ത എഴുപതിലേറെ സെഷനുകള്‍ സാഹിത്യത്തിനൊപ്പം വൈജ്ഞാനിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിലൂന്നി കേരളം 2.0നുള്ള ആശയങ്ങള്‍ക്കായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനമേഖല എന്നീ നാല് വിഭാഗങ്ങളിലായാണ് സെഷനുകള്‍ വിന്യസിച്ചത്. രണ്ടാം പതിപ്പിന്റെ പങ്കാളി സംസ്ഥാനമായ തമിഴ്നാടുമായി ബന്ധപ്പെട്ട പരിപാടികളും സെഷനുകളും ഇവയ്ക്കൊപ്പം ശ്രദ്ധേയമായി. ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ വനിതാഇതിവൃത്തങ്ങളിലൊന്നായ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാര്‍ഷികവും കൃതി 2019-ന്റെ ഉപഇതിവൃത്തങ്ങളിലൊന്നായി. പത്ത് ദിവസവും സന്ധ്യയ്ക്ക് അരങ്ങേറിയ ഉന്നത നിലവാരമുള്ള കലാപരിപാടികളും കൃതിയെ സമ്പന്നമാക്കി.