X

മഹാനടന്റെ ‘പേര്’നോട് അന്‍പ് ആദരവ്: പേരന്‍പിനെ ഏറ്റെടുത്ത് മോഹന്‍ലാല്‍ ഫാന്‍സും

മോഹന്‍ലാലിന്റെ പോസ്റ്ററില്‍ ചെരുപ്പുമാലയിട്ടവരും കീറിയവരും മറ്റും ഈ പ്രവര്‍ത്തി കാണുന്നുണ്ടല്ലോയെന്നാണ് ട്രോളര്‍മാര്‍മാര്‍ ചോദിക്കുന്നത്‌

നീണ്ട കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പേരന്‍പ് മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ വന്‍ ജനപ്രീതി നേടിയിരുന്നു. പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയതിന് ശേഷം അടുത്ത ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കും പേരന്‍പിനും സ്വന്തമെന്നും ജനങ്ങള്‍ വിധിയെഴുതി.

എല്ലായിടത്തും മികച്ച പ്രതികരണം നേടിയ ചിത്രം പ്രദര്‍ശനത്തിന് ശേഷവും അഭിപ്രായ വ്യത്യാസമില്ലാതെ മുന്നേറുകയാണ്. ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്. മഹാനടന്റെ ‘പേര്’നോട് അന്‍പ് ആദരവ് എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്ന ആരാധകരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ആരാധകരുടെ പ്രവര്‍ത്തി മാതൃകാപരമാണെന്നും, അതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് ഈ ചിത്രവും എല്ലാവരും പ്രചരിപ്പിക്കുന്നത്. നിരവധി പേരാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം ഷെയര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനിമയ്ക്ക് ആവശ്യമെന്നും എന്നും നല്ല സിനിമകളെ പിന്തുണയ്ക്കണമെന്നുമാണ് കമന്റുകള്‍. താരങ്ങള്‍ പരസ്പരം സൗഹൃദത്തോടെയും സഹായിച്ചുമാണ് മുന്നോട്ട് പോകുന്നതെങ്കിലും ആരാധകരുടെ തമ്മിലടി ഗുണകരമല്ലെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ ട്രോളന്‍മാര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാലിന്റെ പോസ്റ്ററില്‍ ചെരുപ്പുമാലയിട്ടവരും കീറിയവരും മറ്റും ഈ പ്രവര്‍ത്തി കാണുന്നുണ്ടല്ലോയെന്നാണ് ട്രോളര്‍മാരുടെ മുഖ്യ ചോദ്യം.

റാം സംവിധാനം ചെയ്ത പേരന്‍പില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷമാണ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനിക അവസ്ഥയുള്ള മകളുടെ അച്ഛനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തങ്കമീന്‍കളെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സാധനയാണ് മകളുടെ വേഷം ചെയ്യുന്നത്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീര്‍ എന്നിവരും മുഖ്യവേഷങ്ങള്‍ ചെയ്യുന്നു.