X

‘ജനിപ്പിച്ചത് രക്ഷിതാക്കളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി’; ആരോട് ചോദിച്ചിട്ട് ജനിപ്പിച്ചു? മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുംബൈ സ്വദേശി

'മാതാപിതാക്കളോട് കടപ്പാട് വേണ്ട. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് നമ്മളെല്ലാവരും വന്നത്. അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് നമ്മള്‍ ഉണ്ടാക്കപ്പെട്ടത്' റാഫേല്‍

ആരോട് ചോദിച്ചിട്ട് ജനിപ്പിച്ചു? തന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കുമെതിരെ നിയമനടപടിയുമായി മകന്‍. മുംബൈ സ്വദേശിയായ റാഫേല്‍ സാമുവല്‍ എന്ന 27കാരനാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നം ഉള്ളതുകൊണ്ടാണ് റാഫേല്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് തെറ്റിധരിക്കരുത്. അച്ഛനമ്മമാരോട് വളരെയേറെ ആത്മബന്ധം പുലര്‍ത്തുന്ന ഒരു മകന്‍ തന്നെയാണ് റാഫേല്‍.

തന്റെ സമ്മതമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതതാണ് റാഫേലിന്റെ പ്രശ്‌നം. വിചിത്രമായ ഈ ആവശ്യത്തിന് പിന്നില്‍ എന്താണെന്ന് അല്ലേ? ശിശു രഹിത ലോകത്തിനായി വാദിക്കുന്നവരിലൊരാളാണ് റാഫേല്‍. അതായത് ഈ ലോകത്തിലേക്ക് പുതിയതായി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ആന്റി നാറ്റലിസത്തില്‍ വിശ്വാസി.

നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജില്‍ റാഫേല്‍ തന്റെ വിശ്വാസത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. റാഫേല്‍ യുട്യൂബിലിട്ട ഏറ്റവും പുതുതായി വീഡിയോയിലാണ് മാതാപിതാക്കളെ കോടതി കയറ്റാന്‍ ഒരുങ്ങുന്നതായി വ്യക്തമാക്കിയത്. ലോകത്തുള്ളവരെല്ലാം അവരുടെ സ്വന്തം സമ്മതപ്രകാരം ജനിച്ചവരല്ല. അതുകൊണ്ടുതന്നെ അവരാര്‍ക്കും മാതാപിതാക്കളോട് കടപ്പാട് വേണ്ട. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് നമ്മളെല്ലാവരും വന്നത്. അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് നമ്മള്‍ ഉണ്ടാക്കപ്പെട്ടത്’ റാഫേല്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ദുരന്തം മനുഷ്യരാണ് എന്നാണ് ആന്റി നാറ്റലിസം വിശ്വാസിക്കുന്നത്. അതിനാല്‍ ഭൂമിയിലേക്ക് മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്നില്ല. കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് ഇവരുടെ സ്വപ്നം.