X

“ഈ ചോദ്യപേപ്പര്‍ ഇട്ടവരെ ദൈവം ശിക്ഷിക്കും” -വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പ്ലസ്‌ ടു പരീക്ഷ എഴുതിയവരുടെ രോദനം

ഓഖി വന്നു, പ്രളയം വന്നു , കേരളീയര്‍ ഒറ്റക്കെട്ടായി നിന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ പ്ലസ് ടു കുട്ടികള്‍ക്ക് പരീക്ഷ ഉചിതമായി നേരിടാന്‍ സാധിച്ചില്ല '

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയില്‍ കെമസ്ട്രി പരീക്ഷ കുട്ടികളെ വല്ലാതെ വലച്ചിരിക്കുകയാണ്. പല കുട്ടികളും വിഷമിച്ചു കൊണ്ടാണ് പരീക്ഷ ഹാള്‍ വിട്ടത്. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ആള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യൽ മീഡിയയിൽ കുട്ടികൾ രംഗത്തിറങ്ങിയിരിക്കുകയാണ്.

പരീക്ഷയുടെ തലേന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ‘പരീക്ഷയ്ക്ക് മുന്‍പില്‍ പതറരുത്, ചിരിച്ചു കൊണ്ട് എഴുതണം, വിശദമായി ഉത്തരം എഴുതണം, നല്ല മാര്‍ക്ക് കിട്ടും’ എന്ന് കുട്ടികള്‍ക്ക് ആശംസകളറിയിച്ച് ഇട്ട വീഡിയോയുടെ താഴെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കൂട്ടക്കരച്ചിലുമായി എത്തുന്നത്. ഒപ്പം രക്ഷിതാക്കളും കമന്റ് ചെയ്യുന്നുണ്ട്. പിന്നാലെ മന്ത്രിയുടെ പേജിലെത്തുന്ന എല്ലാ പോസ്റ്റുകള്‍ക്കു താഴെയും വിദ്യാര്‍ത്ഥികളുടെ കമന്റുകളാണ്.

‘എന്റെ പൊന്നു സാറേ ,നിങ്ങളൊക്കെ ഒന്നു മനസ്സിലാക്കണം, കേരളത്തിലുള്ള എല്ലാ പിള്ളേരും ന്യൂട്ടണും ഐന്‍സ്റ്റീനും അല്ല. ഇന്നത്തെ പ്ലസ് ടു ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ആളെ ഒന്നു കാട്ടി തരുമോ ? , ഓഖി വന്നു, പ്രളയം വന്നു , കേരളീയര്‍ ഒറ്റക്കെട്ടായി നിന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ പ്ലസ് ടു കുട്ടികള്‍ക്ക് പരീക്ഷ ഉചിതമായി നേരിടാന്‍ സാധിച്ചില്ല ‘ തുടങ്ങിയ രസകരമായ കമന്റുകളും എത്തുന്നുണ്ട്.

‘പരീക്ഷ ചോദ്യങ്ങള്‍ തയ്യാറിക്കിയ ഇവരൊക്കെ അധ്യപകരാണോ , ഇവരെ ഒക്കെ ദൈവം ശിക്ഷിക്കും ‘ തുടങ്ങി തന്റെ രോഷം അറിയിച്ചു കൊണ്ടുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. എന്തായാലും കെമസ്ട്രി പരീക്ഷയില്‍ ഒരു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.