X

റിപ്പബ്ലിക്ക് ദിനത്തിൽ ന‍ൃത്തം ചെയ്ത കുട്ടികൾക്ക് മേൽ പണം വിതറി പോലീസ് ഉദ്യോഗസ്ഥൻ; പിറകെ സസ്പെൻഷൻ

അശ്ലീല ചേഷ്ഠകളോടെയായിരുന്നു ഉദ്യോഗസ്ഥന്റെ നടപടികളെന്നാണ് ആരോപണം.

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികൾക്കിടെ നൃത്തം ചെയ്ത വിദ്യാർത്ഥികൾക്ക് മേൽ നോട്ടുകൾ വാരിവിതറിയ പോലീസുകാരന് സസ്പെൻഷന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള പോലീസ് ഹെഡ് കോൺസ്റ്റബിളായ പ്രമോദ് വാൽകെക്കെതിരെയാണ് നടപടി. ജില്ലാ പരിഷത്ത് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ചടങ്ങിൽ ഹിന്ദി ഗാനത്തോടൊപ്പം നൃത്തം ചെയ്ത ആറാം ക്ലാസ് വിദ്യാർത്ഥിനികൾകൊപ്പം വേദിയിലേക്ക് കയറിയ ഉദ്യോഗസ്ഥർ ഇവർക്ക് മേൽ പണം വാരി വിതറുകയായിരുന്നു. സദസ്സിലുണ്ടായിരുന്നവർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍ നിന്നും മാറ്റിനിർത്തിയത്. ഇയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, കാണികളിൽ ചിലർ ശേഖരിച്ച് നൽകിയ പണം കുട്ടികൾക്ക് നൽകുന്നതിനായാണ് താൻ സ്റ്റേജിൽ കയറിയതെന്നാണ് സംഭവത്തെകുറിച്ച് പ്രമോദ് വാൽകെ നൽകിയ വിശദീകരണമെന്ന് മറ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അശ്ലീല ചേഷ്ഠകളോടെയായിരുന്നു ഉദ്യോഗസ്ഥന്റെ നടപടികളെന്നാണ് ആരോപണം.

This post was last modified on February 1, 2019 4:03 pm