X

സ്വാതന്ത്ര്യ ദിനത്തേക്കാള്‍ മികച്ചതായി റിപ്പബ്ലിക് ദിനം മാറുന്നതെന്തുകൊണ്ട്? അദ്ധ്യാപകന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്വാതന്ത്ര്യ ദിനത്തേക്കാള്‍ മികച്ചതാണ് റിപ്പബ്ലിക് ദിനം രാജ്യം റിപ്പബ്ലിക് ആയത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, വിദ്യാര്‍ത്ഥികളോടായി ഒരു അധ്യാപകന്‍ പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദേശമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായ ഇ.ആര്‍ ശിവപ്രസാദാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ജനുവരി 26ന് സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ഡേ ആഘോഷത്തിലായിരുന്നു തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളോടുള്ള ശിവപ്രസാദിന്റെ ഉപദേശം.

‘രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം ഇവിടുത്തെ ജനതയ്ക്ക് ഗുണാത്മകമാക്കിയത് രാജ്യം റിപ്പബ്ലിക് ആയതിലൂടെയാണ്. സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കും വരെ രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ടത് സ്വാതന്ത്ര്യമാണെന്ന് ധരിച്ച സ്ഥലത്ത് സ്വാതന്ത്ര്യത്തേക്കാള്‍ പരമപ്രധാനമായ മറ്റു ചില ഘടകങ്ങള്‍ കൂടി രാജ്യത്തുണ്ടെന്നും, അതിനകത്താണ് ഒരു രാജ്യം നിലനില്‍ക്കേണ്ടതെന്നും പരസ്യമായി പ്രഖ്യാപിച്ച ഒരു ദിനം കൂടിയായിരുന്നു 1950ജനുവരി 26. അതായത് സ്വാതന്ത്ര്യത്തേക്കാള്‍ മഹത്തരമായ ദിനം. തിരിച്ചു പറഞ്ഞാല്‍ ലഭിച്ച സ്വാതന്ത്ര്യത്തെ നാടിനും ജനതയ്ക്കും ഗുണകരമായ രീതിയില്‍ നിലനിറുത്തുന്നതിന് വേണ്ടി അടിത്തറയില്ലാത്ത ഒരു വീടാണ് നിര്‍മ്മിച്ചതെങ്കില്‍ അതിന് കൃത്യമായ അടിത്തറ പാകി ചുമരുകള്‍ പണിത് അതിന്റെ മുകളില്‍ മേല്‍ക്കൂര പണിയുന്ന സ്ഥിതിയായിരുന്നു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് എന്ന പ്രഖ്യാപനം. എന്തുകൊണ്ടും സ്വാതന്ത്ര്യത്തേക്കാള്‍ മികച്ചതായി റിപ്പബ്ലിക് ദിനം മാറുന്നതും അതുകൊണ്ടാണ്’- ശിവപ്രസാദിന്റെ വാക്കുകള്‍. അടുത്ത സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ഡേയ്ക്കും ഈ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടു കൂടി ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തെയും അറിയുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ദേശമംഗലം സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.