X

‘സെഞ്ചൂറിയനിലെ എന്‍ഗിഡിയുടെ ലുങ്കി ഡാന്‍സ്’ഇതൊരു സ്‌പോര്‍ട്‌സ് ലേഖകന്റെ മാത്രം പ്രശ്‌നമല്ല

മുമ്പ് എ.എന്‍ രവീന്ദ്രദാസ് ദേശാഭിമാനിയില്‍ നടത്തിയ ഭാഷാ പരീക്ഷണങ്ങളാണ് മലയാളത്തിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിലെ ഒരു പ്രധാന വഴിത്തിരിവായതെന്ന് എനിക്കു തോന്നിയിട്ടുണ്ട്

മാധ്യമങ്ങളില്‍ വരുന്ന സ്‌പോര്‍ട്ട്‌സ് റിപ്പോര്‍ട്ടുകളിലെ ആവര്‍ത്തനങ്ങള്‍ പലപ്പോഴും ബോറടിപ്പിക്കാറുണ്ട്. പലപ്പോഴും റിപ്പോര്‍ട്ട് പൂര്‍ണമായും വായിച്ചാലും മത്സര ഫലം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാറ് പോലുമില്ല. ഇത്തരം റിപ്പോര്‍ട്ടിംഗുകളെ വിമര്‍ശിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:

പണ്ട് ഹിന്ദു പത്രത്തിന്റെ ക്രിക്കറ്റ് കവറേജിനെ കുറിച്ച് ഒരു തമാശയുണ്ടാരുന്നു, അറുന്നൂറ് വാക്കിന്റെ സ്റ്റോറി വായിച്ചു കഴിഞ്ഞാലും കളിജയിച്ചതാരെന്നറിയാന്‍ സ്‌കോര്‍ ഷീറ്റ് നോക്കണമെന്ന്. സംഗതി ശരിയായിരുന്നു താനും, സൂക്ഷ്മ വിശകലനങ്ങളാവും റിപ്പോര്‍ട്ടിലാകെ.

ഇപ്പോഴിതോര്‍ത്തത് ഇന്നത്തെ മനോരമയില്‍ (ഓണ്‍ ലൈന്‍) വെസ്റ്റ് ഇന്‍ഡീസ് -പാക്കിസ്ഥാന്‍ മാച്ചിനെ കുറിച്ചുള്ള സ്റ്റോറി കണ്ടപ്പോഴാണ്.

അത് വായിച്ചിട്ട് എനിക്ക് മനസ്സിലാവാതിരുന്നത്, മത്സരഫലമല്ല, മറിച്ച് ഇങ്ങനത്തെ ഭാഷയില്‍ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യാം / ചെയ്യണം എന്ന എഴുത്തുകാരന്റെ ബാധ്യമാണ്.

ഉദാഹരണത്തിന് ഈ വാചകം നോക്കൂ
//ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ആവേശം ലോകകപ്പിലേക്ക് കുടമാറ്റം നടത്തിക്കുകയാണ് റസ്സല്‍ ചെയ്തത്…// വ്യാകരണത്തെറ്റ് വിടാം, പക്ഷെ ഇതില്‍ കുടമാറ്റം എന്നെഴുതിയിരിക്കുന്നത് എന്ത് കാര്യത്തിനാണാവോ? എന്താണ് അത് നല്‍കുന്ന മൂല്യവര്‍ദ്ധന? !

ഇനിയുമുണ്ട്-
നടുവൊടിച്ച് നടുക്കടലില്‍ തള്ളി, അടിവേരറുത്ത് വന്‍ മരം തള്ളി വീഴ്ത്തി, മിന്നല്‍ പിണരുകളെ ഉള്ളിലൊളിപ്പിച്ചു- അങ്ങനെയങ്ങനെ, മേമ്പൊടിയെന്നവണ്ണം – മറ്റേത് തൂവാന്‍ മറന്നിട്ടില്ല, ഏത്? പച്ചപ്പട 😛

എന്നാല്‍ ഈ അന്തമില്ലാത്ത അലങ്കാരപ്രയോഗങ്ങള്‍ കൊണ്ടുള്ള എന്തെങ്കിലും പ്രയോജനം എഴുത്തിന് കിട്ടുന്നുണ്ടോ- ഇല്ലെന്ന് മാത്രമല്ല വായിക്കുന്നവരെ ചെടിപ്പിക്കുകയും ചെയ്യും.

മലയാള പത്രങ്ങളുടെ സ്‌പോര്‍ട്‌സ് പേജ് സ്ഥിരമായി വായിക്കുന്നവര്‍ ഇതൊക്കെ എന്ത് എന്ന് പറഞ്ഞ് കൈമലര്‍ത്തി സ്രാങ്കിന്റെ ചിരി ചിരിക്കുന്നത് എനിക്കിപ്പൊ കാണാം.

മുമ്പ് എ.എന്‍ രവീന്ദ്രദാസ് ദേശാഭിമാനിയില്‍ നടത്തിയ ഭാഷാ പരീക്ഷണങ്ങളാണ് മലയാളത്തിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിലെ ഒരു പ്രധാന വഴിത്തിരിവായതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അതിന്റെ തെളിയാത്ത ഫോട്ടോക്കോപ്പികളാണ് ഇപ്പോഴും പത്രത്താളില്‍ ‘കുടമാറ്റം’ നടത്തുന്നത്.

**എന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവര്‍ക്കറിയാം,
കൂടാരം കയറുക,
തീതുപ്പുക,
വെടിക്കെട്ട്
താണ്ഡവം
തുടങ്ങിയ ക്ലീഷേകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നതാവും ഞാന്‍ സ്‌പോര്‍ട്‌സ് കോപ്പിയെഴുതുന്നവരോട് ആദ്യവും അവസാനവും പറഞ്ഞിട്ടുണ്ടാവുക.

ലുംഗി എന്‍ഗിഡി(Lungisani Ngidi) എന്ന ഒരു സൌത്ത് ആഫ്രിക്കന്‍ ബൗളറുണ്ട്. കഴിഞ്ഞ കൊല്ലം അയാള്‍ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഗംഭീരമായി ബൗള്‍ ചെയ്തിരുന്നു. മാച്ച് നടന്നു കൊണ്ടികൊണ്ടിരിക്കെ ഞാനൊരു ഫേസ് ബുക്ക് പോസ്റ്റിട്ടു.
”സെഞ്ചൂറിയനില്‍ എന്‍ഗിഡിയുടെ ലുങ്കി ഡാന്‍സ്” എന്നാവും നാളത്തെ തലക്കെട്ടെന്ന്.

എനിക്ക് നിരാശപ്പെടേണ്ടി വന്നതേയില്ല.
🙂 അതായതുത്തമാ ഇത് ഒരു ലേഖകന്റെ മാത്രം പ്രശ്‌നമല്ലാന്ന്

read more:‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു