മത സൗഹാര്ദത്തിന്റെയും, മനുഷ്യത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന കുഴൽമന്ദം എസ്.ഐ അനൂപ് കുമാറിന്റെ ഒരു സോഷ്യൽ മീഡിയാ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാകുന്നു.
‘എന്റെ സ്റ്റേഷൻ പരിധിയായ വെള്ളപ്പാറയിൽ ഞാൻ ഇന്ന് (03- 1 -19 ) കണ്ട മനോഹര കാഴ്ച. രാത്രി ഹൈവേയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അവരിൽ ചിലർക്ക് പരിക്കേറ്റ് വാഹനം പോകാൻ പറ്റാത്ത അവസ്ഥയിൽ കേട് വന്നപ്പോൾ, സ്ത്രീകളും കുട്ടികളും അടങ്ങിയ അവരുടെ സംഘത്തിന് ഭക്ഷണവും വെള്ളവും അഭയവും നൽകിയത് സമീപത്തെ മുസ്ലിം ദേവാലയം.’ ഇതായിരുന്നു അനൂപിന്റെ കുറിപ്പ്.
സംഭവത്തെ കുറിച്ച് എസ് ഐ അനൂപ് അഴിമുഖത്തോട് പ്രതികരിച്ചതിങ്ങനെ ” അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടപ്പോൾ ആദ്യം ഓടിയെത്തിയതും, രക്ഷ പ്രവർത്തനം നടത്തിയതും സമീപത്തെ മുസ്ലിം ദേവാലയത്തിലെ പുരോഹിതന്മാരും കുട്ടികളുമാണ്. ആ ദേവാലയത്തോട് ചേർന്ന് ഒരു യതീം ഖാനെയും ഉണ്ട്. ഇവിടത്തെ കുട്ടികൾ അടങ്ങുന്നവരാണ് അപകടത്തിൽ പെട്ടവർക്ക് വെള്ളവും ഭക്ഷണവും നൽകിയത്. ഇത്തരം ഒരു ഇടപെടലിന് ഇരു കൂട്ടരുടെയും മതമോ, ജാതിയോ തടസ്സം ആയില്ല. ജാതി മത വർഗീയ ചിന്തകൾക്ക് ഏറെ പ്രചാരം ലഭിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ ഒരു ചെറിയ സംഭവത്തിന് വലിയ പ്രസക്തി നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് തന്നെ ഞാൻ കരുതുന്നു. അത് കൊണ്ടാണ് ഈ കുറിപ്പ് എഴുതിയത്.”
കുഴൽമന്ദം വെള്ളപ്പാറയിൽ നടന്ന ഈ കാഴ്ചക്ക് സാക്ഷ്യം വഹിക്കാനും ധാരാളം പേർ ഉണ്ടായിരുന്നു. അയ്യപ്പ ഭക്തരുടെയും, മുസ്ലിം പുരോഹിതരുടെയും ഒരു കുടുംബം പോലെയുള്ള ചിത്രവും, എസ് ഐ യുടെ കുറിപ്പും ഇതിനോടകം നവമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
‘മത സൗഹാർദ്ദത്തിന്റെ കേരള പാഠങ്ങൾ’ എന്ന അടിക്കുറിപ്പോടു കൂടി ധാരാളം പേർ ഈ കുറിപ്പ് ഷെയർ ചെയ്യുന്നുണ്ട്.
കുഴൽമന്ദം സംഭവത്തെ കുറിച്ച് മറ്റൊരു കുറിപ്പിൽ ജെ കെ എന്ന ഫേസ്ബുക് പ്രൊഫൈൽ ഇപ്രകാരം പറയുന്നു. “ഇതാണ് കേരളത്തിന്റെ മനസ്സ്.ഇതാണ് നമ്മുടെ അഭിമാനം. ഇതാണ് നമ്മുടെ പാരമ്പര്യം. തെരുവിലെ അട്ടഹാസങ്ങൾ ഒരിക്കലും ഭക്തിയല്ല.പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും സൽസ്വഭാവത്തിലുമാണ് ഭക്തി കുടികൊള്ളുന്നത്.”
Leave a Comment