X

‘അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല. പക്ഷേ, കൂടെ ജീവിച്ചു തുടങ്ങുമ്പോള്‍ ഒരു ശ്വാസത്തിലെങ്കിലും ദുഷ്ടത അനുഭവപ്പെട്ടാല്‍ ഒഴിവാക്കാന്‍ കഴിയണം’

പിഞ്ചുകുഞ്ഞിന്റെ മരണവേദന കണ്ടാൽ ആർക്കാണ് നെഞ്ച് വേകാതിരിക്കുക. സ്ത്രീകൾ പ്രായോഗികമായ ബുദ്ധി ഉപയോഗിച്ചു ജീവിക്കൂ

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന് മസ്തിഷ്‌ക മരണ വാര്‍ത്ത വിഷമത്തോടെയല്ലാതെ ആര്‍ക്കും കേള്‍ക്കാനാകില്ല. അതിന്റെ പശ്ചാത്തലത്തില്‍ ശാരദക്കുട്ടിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘ഞാൻ കാഞ്ചന ടീച്ചറെ ഓർക്കുന്നു. കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ ടീച്ചർ വിധവയായി. അതിസുന്ദരിയായ ടീച്ചറെ പുനർവിവാഹം ചെയ്യാൻ പലരും തയ്യാറായി. പരിചയപ്പെട്ട്, വളരെ അടുത്തിടപഴകി, ബോധ്യപ്പെട്ട ഒരു സുഹൃത്തിനെ ടീച്ചർ പുനർവിവാഹം ചെയ്തു.മൂന്നാമത്തെ ദിവസം അയാൾ പറഞ്ഞു കുട്ടിയെ മാറ്റിക്കിടത്തണം. ടീച്ചർ പറഞ്ഞു, സാവകാശം അവൻ തനിയെ മാറിക്കിടക്കും, അല്ലാതെ അവന് ഷോക്കുണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല. രണ്ടു ദിവസത്തിൽ കൂടുതൽ അയാളുടെ അസഹൃതയും ഗൗരവവും സഹിക്കാൻ ടീച്ചർ തയ്യാറായില്ല. വിവാഹത്തിന്റെ ആറാം ദിവസം അയാളോട് ബന്ധം തുടരാൻ സാധ്യമല്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് ടീച്ചർ തീർത്തു പറയുകയും അയാളെ പറഞ്ഞു വിടുകയും ചെയ്തു.

ടീച്ചർ വരുമാനമുള്ളതുകൊണ്ടും ആത്മാഭിമാനമുള്ളതുകൊണ്ടും രക്ഷപ്പെട്ടു. ഇന്നും പുറം നിറഞ്ഞു കിടക്കുന്ന ആ മുടിയും വിരിച്ചിട്ട് ടീച്ചർ ,തലയുയർത്തി നടന്നു പോകുന്നതു കാണുമ്പോൾ ബഹുമാനമേ തോന്നിയിട്ടുള്ളു. പുനർവിവാഹത്തിനും ആരേയും ഭയന്നില്ല, അതു വേണ്ടെന്നു വെക്കാനും ആരോടും ചോദിച്ചില്ല.തന്റെ മാത്രമായ കുഞ്ഞിനെ സ്നേഹിക്കാൻ അയാൾക്കു പറ്റില്ലെന്ന് ടീച്ചർക്കു ബോധ്യപ്പെട്ടിരുന്നു.

അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല. പക്ഷേ, കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ഒരു ശ്വാസത്തിലെങ്കിലും ദുഷ്ടത അനുഭവപ്പെട്ടാൽ ഒഴിവാക്കാൻ കഴിയണം. വരുമാനമുള്ള ഒരു സ്ത്രീക്ക് അടിമത്തത്തിന്റെ ആവശ്യമേയില്ല. വെയിലത്ത് നടക്കുമ്പോൾ കൂടെയുള്ളയാൾ തണലാകുന്നില്ലെങ്കിൽ, ഒറ്റക്ക് ആ വെയിൽ കൊള്ളാൻ തയ്യാറാകണം. അതിനു വരുമാനം വേണം. അതുണ്ടാക്കിയിട്ട് പ്രണയിക്കണം.

കാഞ്ചന ടീച്ചർ മാതൃകയാകട്ടെ. പിഞ്ചുകുഞ്ഞിന്റെ മരണവേദന കണ്ടാൽ ആർക്കാണ് നെഞ്ച് വേകാതിരിക്കുക. സ്ത്രീകൾ പ്രായോഗികമായ ബുദ്ധി ഉപയോഗിച്ചു ജീവിക്കൂ.. ആണായാലും പെണ്ണായാലും സ്വന്തം സുരക്ഷിതത്വം, സമാധാനം എല്ലാം പ്രധാനമാണ്. ഉത്തമ സാമൂഹിക ജീവി ആയിരിക്കാനും അതു വേണം.’

 

Read More : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു