ഇന്നലെയാണ് ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരിക്കേറ്റത്. സംഭവത്തില്‍ പ്രതികരിച്ച് തരൂര്‍ തന്നെ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് അദ്ദേഹം അപകടത്തെക്കുറിച്ച് പ്രതികരിച്ചത്.
“തുലാഭാരത്തിനിടയില്‍ ത്രാസ് പൊട്ടി ഒരു വലിയ ഇരുമ്പ് ഹുക്ക് തലയില്‍ വീണു. ഒരുപാട് രക്തം പോയെങ്കിലും മറ്റു പരിക്കുകളൊന്നുമില്ല. എന്റെ ചുറ്റിനും നിന്നവര്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ദൈവത്തിനു നന്ദി. അപകടം ഗുരുതരമായിരുന്നേനേ” എന്നായിരുന്നു ട്വീറ്റ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കും തരൂര്‍ നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തിരുന്നു. “എന്റെ ആരോഗ്യത്തെ കുറിച്ചു വിളിച്ചു തിരക്കിയ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കു ഹൃദയം നിറഞ്ഞ നന്ദി. തലയില്‍ എട്ടു സ്റ്റിച്ച് എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല. ആശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്”, എന്നായിരുന്നു തരൂരിന്റെ മറ്റൊരു ട്വീറ്റ്.
പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് ശശി തരൂര്‍ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനായി എത്തിയത്. എന്നാല്‍ തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടി വീഴുകയായിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം.
Read More : 900 വര്‍ഷത്തെ ചരിത്രവുമായി നോത്ര ദാം കത്തി തീരുമ്പോള്‍ / വീഡിയോ / ചിത്രങ്ങള്‍
Leave a Comment