സി അയ്യപ്പന്റെ എന്ന എഴുത്തുകാരന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് തമാശ സിനിമ എന്ന് കാഥാകൃത്ത് അബിന്‍ ജോസഫ്. എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന കാലത്ത് ഒട്ടുമെ ആഘോഷിക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം ശ്രീനിവാസന്‍ മാഷുടെയും ചിന്നുവിന്റെയും ജീവിതത്തില്‍ നമുക്ക്‌സകാണാം എന്നും അബിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജീവിച്ചിരിക്കെ ആരാലും ആഘോഷിക്കപ്പെടാതെ പോയ ഒരാള്‍ കല്ലറ തകര്‍ത്തുകൊണ്ട് ഉയര്‍ത്തെഴുന്നേറ്റു വരുന്നത് ഇന്നുകണ്ടു. അയാള്‍: സി. അയ്യപ്പന്‍. കണ്ടത്: ‘തമാശ’യില്‍.
എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കാലത്ത് സി. അയ്യപ്പനെയും അദ്ദേഹത്തിന്റെ കഥകളെയും ഒരുത്സവ കമ്മിറ്റിക്കാരും ആഘോഷിച്ചതായി അറിയില്ല. അങ്ങനൊരു കഥാകൃത്ത് ജീവിക്കുന്നുണ്ടെന്നും കണിശമായ രാഷ്ട്രീയ ബോധത്തോടെ എഴുതുന്നുണ്ടെന്നും പലരും തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു.
സി. അയ്യപ്പന്‍ ആരായിരുന്നു?. എവിടെയാണ് ജീവിച്ചത്?. എങ്ങനെ മരിച്ചു?. ഏതൊക്കെയാണ് പ്രധാനപ്പെട്ട കൃതികള്‍?- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുറച്ചുപേര്‍ക്കു മാത്രം സാധിച്ചേക്കും; അദ്ദേഹത്തെ അത്രമേല്‍ പിന്തുടരുന്ന വളരെ കുറച്ചുപേര്‍ക്കു മാത്രം. പക്ഷേ, അതിനപ്പുറത്തുള്ള മുഖ്യധാരയുടെ വെള്ളിവെളിച്ചത്തിലേക്ക് അയ്യപ്പന്‍ ഒരിക്കലും വന്നില്ല; എഴുത്തുകൊണ്ടും ജീവിതംകൊണ്ടും. കൃത്യമായി രാഷ്ട്രീയം പറഞ്ഞ കഥകള്‍ നമ്മളാരും കൊണ്ടാടിയില്ല. മരിച്ചിട്ടും സി. അയ്യപ്പനുവേണ്ടി ആരും സ്മാരകങ്ങളുണ്ടാക്കിയില്ല. പക്ഷേ, മരണാനന്തരം ശ്രീനിവാസന്‍ മാഷിന്റെയും ചിന്നുവിന്റെയും ജീവിതത്തില്‍ അയ്യപ്പന്‍ ഇടപെടുന്നുണ്ട്.
സി. അയ്യപ്പനെ വായിച്ചിട്ടില്ലാത്തവര്‍ക്കും ആ പേരുപോലും കേട്ടിട്ടില്ലാത്തവര്‍ക്കും തമാശയിലെ അയ്യപ്പന്‍ ഇഫെക്ട് മനസിലാകും. കാരണം, സിനിമയില്‍ ഒരിടത്തും ബോഡി പൊളിറ്റിക്‌സിനെക്കുറിച്ച് പ്രേക്ഷകനെ ഉപദേശിക്കുന്നില്ല. നാലും മൂന്നും ഏഴു കൈയടിക്കുവേണ്ടി പൊളിറ്റിക്കല്‍ കറക്ട്‌നെസ് തിരുകിക്കയറ്റുന്നില്ല. ജീവിതത്തിന്റെ കേക്കു കഷണം ചീന്തിത്തിന്നുന്നതുപോലെ തമാശ കാണാം.
തമാശയെഴുതി, സംവിധാനം ചെയ്ത അഷ്‌റഫ് ഹംസയ്ക്കു നന്ദി. സി. അയ്യപ്പനെ ഓര്‍മിച്ചതിനും ലളിതഗാനംപോലെ മനോഹരമായൊരു സിനിമ സമ്മാനിച്ചതിനും.
This post was last modified on June 6, 2019 8:53 pm
Leave a Comment