X

ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന കടുവ, വയനാട്ടിൽ നിന്നൊരു ഞെട്ടിക്കുന്ന ദൃശ്യം

ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയും ചെയ്തു.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി – പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്ര വനപാത, ബൈക്ക് യാത്രികരായ രണ്ട് പേർ പരിസര ദൃശ്യങ്ങള്‍ ഉൾപ്പെടെ ക്യാമറയിൽ പകർത്തി മുമ്പോട്ട് പോവുന്നതിനിടെയായിരുന്നു റോഡരികില്‍ നിന്നിരുന്ന ഒരു കടുവ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തത്. ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ രണ്ട് ദിവസങ്ങളായി പങ്കുവച്ചുകൊണ്ടിരിക്കുന്ന ഒരു വിഡിയോയിലെ ദൃശ്യങ്ങളാണിവ. കണ്ടുനിൽക്കുന്നവരെ അല്‍പ സമയത്തേങ്കിലും ഭീതിപ്പെടുത്തുന്നതാണ് ഈ കടുവയുടെ നടപടി. യാത്രയ്ക്കിടെ അങ്ങനെയൊരു നീക്കം റോഡരികില്‍ നിന്നുണ്ടാവുമെന്ന് ബൈക്ക് യാത്രികര്‍ ഒരിക്കൽ പോലും സങ്കൽപ്പിച്ച് കാണുകയില്ല.

വീഡിയോ വൈറലായതോടെ ചെതലയം റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം വൈകീട്ട് പ്രദേശത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മറ്റ് യാത്രികരും കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും വനം വകുപ്പ് പറയുന്നു. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.

 

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?