X

‘ അക്ക വിത്ത് ഇക്ക ‘ അജുവര്‍ഗീസിന്റെ പോസ്റ്റിന് സോഷ്യല്‍മിഡിയയില്‍ അശ്ലീല കമന്റുകള്‍

സണ്ണി ലിയോണിന്റെ ആദ്യ മലയാളം ചിത്രമാണിത്. കൂടാതെ രംഗീല എന്ന ചിത്രത്തില്‍ സണ്ണി മുഴുനീള വേഷത്തില്‍ എത്തുന്നുണ്ട്.

ബോളിവുഡ് നടി സണ്ണി ലിയോണിന് മലയാളത്തില്‍ ആരാധകര്‍ ധാരാളമാണ്. സണ്ണി കേരളത്തില്‍ എത്തുമ്പോഴെല്ലാം താരത്തോടുള്ള മലയാളിയുടെ സ്‌നേഹം തന്നെ ഇതിന് തെളിവാണ്. മലയാളികളുടെ സ്നേഹം കണ്ട് മലയാള സിനിമയില്‍ കിട്ടുന്ന ഒരു അവസരവും സണ്ണി വേണ്ടെന്ന് വെക്കാറില്ല. ഇപ്പോള്‍ മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയില്‍ അഭിനയിക്കുകയാണ് താരം. ചിത്രത്തില്‍ പാട്ട് രംഗത്തില്‍ മാത്രമാണ് താരമുള്ളത്. കഴിഞ്ഞ ദിവസമാണ് പാട്ടിന്റെ ചിത്രീകരണം നടന്നത്. ഇതോടെ മമ്മൂട്ടിയ്ക്കൊപ്പം സണ്ണി ലിയോണി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ‘അക്ക വിത്ത് ഇക്ക ‘ എന്ന അടിക്കുറിപ്പോടെ നടന്‍ അജു വര്‍ഗീസ് പോസ്റ്റ് ചെയ്ത ചിത്രം ഒടുവില്‍ പിന്‍വലിക്കേണ്ടി വന്നു.

ട്രെന്‍ഡിങ് ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് താഴെ ആശ്ലീല കമന്റുകള്‍ നിറഞ്ഞതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്നായിരുന്നു. ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ആക്ഷേപം ഏല്‍ക്കേണ്ടിവന്നത്. എന്നാല്‍ ഇതേ ചിത്രം അജു ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. സൂപ്പര്‍ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. സണ്ണി ലിയോണിന്റെ ആദ്യ മലയാളം ചിത്രമാണിത്. കൂടാതെ രംഗീല എന്ന ചിത്രത്തില്‍ സണ്ണി മുഴുനീള വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ അജു വര്‍ഗീസിനും വേഷമുണ്ട്.