അച്ഛനെതിരെ അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി എ കെ ആന്റണിയുടെ മകന്‍ അജിത്ത് പോള്‍ ആന്‍റണി. “സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം – യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്.” അജിത്ത് പോള്‍ ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കരണാടകയിലും ആന്ധ്രയിലും കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ കലാപം പുകയുന്നതിനിടെയാണ് എ ഐ സി സി പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിയുടെ മകന്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. എ കെ ആന്റണിയുടെ മൂത്ത മകന്‍ അനില്‍ ആന്‍റണിയെ കെ പി സി സിയുടെ ഐ ടി സെല്‍ കണ്‍വീനറാക്കിയത് യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു.
അജിത്ത് പോള്‍ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
നമസ്കാരം സുഹൃത്തുക്കളേ, അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം – യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്. സത്യത്തിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു പക്ഷെ മായാവതി രണ്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്. ഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നു.പക്ഷെ ഒരു സീറ്റ് അല്ലെങ്കിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അത് സമ്മതിച്ചുമാണ്. അപ്പോഴാണ് ആപ് ഡിമാൻഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്.പിന്നൊന്ന് ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്‌ഡി കോൺഗ്രസിന് 10 സീറ്റ് കൊടുക്കാൻ തയ്യാറായി എന്ന്. ജഗൻമോഹൻ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോൾ പിന്നെ ഈ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്തിന്? വെറുതെ ആക്ഷേപിക്കുക. അത്രതന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ… തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ…. അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും.
This post was last modified on June 7, 2019 1:19 pm
Leave a Comment