X

കെ കരുണാകരന്റെ പേരില്‍ 30 ലക്ഷം തട്ടിയെടുത്തു; അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

കരുണാകരന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മകനും എംപിയുമായ കെ മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ചെറുപുഴയില്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റോഷി ജോസ്, കുഞ്ഞികൃഷ്ണന്‍, സി ടി സ്‌കറിയ, ടി വി അബ്ദുല്‍ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കെ കരുണാകരന്‍ ട്രസ്റ്റ് ഭരവാഹികളാണ് ഇവര്‍.

കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസ് കൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഡിവൈഎസ്പി, എസ്പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കരുണാകരന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മകനും എംപിയുമായ കെ മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുണാകരന്റെ പേരില്‍ ഇനി ട്രസ്റ്റിന് അനുമതി നല്‍കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. കരുണാകരന്റെ പേരുപയോഗിച്ച് ഇനി ആരും സാമ്പത്തിക ഇടപാട് നടത്തരുതെന്നും മുതലെടുപ്പ് നടത്തരുതെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പിരിവ് നടത്താതെ ചാരിറ്റി നടത്താമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. സ്മാരക ട്രസ്റ്റിന്റെ കെട്ടിടം പണിത കരാറുകാരനായ മുത്തപ്പാറക്കുന്നേല്‍ ജോസഫിനെ കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കരുണാകരന്റെ സ്മരണാര്‍ഥം ആധുനിക സംവിധാനങ്ങള്‍ ഉള്ള ആശുപത്രി പണിയുന്നതിനായി 2011ലാണ് ചെറുപുഴയില്‍ കെ. കരുണാകരന്‍ ട്രസ്റ്റ് രൂപീകരിച്ചത്. കെപിസിസി നിര്‍വാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ട്രസ്റ്റ് രൂപീകരണം. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമിയില്‍ 70 സെന്റ് സ്ഥലം 2012ല്‍ ചെറുപുഴ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന് കൈമാറി. അവിടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുകള്‍ഭാഗം പിന്നീട് സിയാദ് എന്ന കമ്പനിക്ക് വിറ്റു. ആശുപത്രി ഇപ്പോള്‍ വാടകയ്ക്ക് നടത്തുന്നത് കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കല്‍ സെന്ററാണ്. ഇതിന്റെ ഉടമ ഉള്‍പ്പെട്ട ലീഡര്‍ ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഴുവന്‍ കെട്ടിടവും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഫലത്തില്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് നാമാവശേഷമാണ്. അതേസമയം പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികള്‍ രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരിച്ചത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ഏക സാക്ഷിയായിരുന്നു മരിച്ച ജോസഫ്.

also read:‘എന്ത് പിഎച്ച്ഡി ചെയ്താലും തൂപ്പുപണിയാണ് നിങ്ങള്‍ക്ക് പറഞ്ഞത്’; വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച അധ്യാപികയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് കാലിക്കറ്റ് സര്‍വകലാശാല

This post was last modified on September 20, 2019 10:22 pm