ശബരിമല വിഷയത്തില്‍ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ കേരളത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ വീഡിയോ പങ്കുവെച്ച് രംഗത്ത് വന്നിരിക്കെയാണ് യുവനടന്‍ അജു വര്‍ഗീസ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിലുള്ള പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലെ ഒരു രംഗത്തിന്റെ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചാണ് അജു അക്രമത്തിനെതിരെ പ്രതികരിച്ചത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ വിദേശിയോട് പറയുന്ന വീഡിയോയാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘അതാണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്രൃം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് ദേശഭക്തി’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്.
അജുവിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഈ സത്യം നേതാക്കന്മാരും മറ്റും മനസിലാക്കിയെങ്കില്‍ എന്ന കമന്റാണ് മിക്കവരും ഉയര്‍ത്തുന്നത്. 8000 ലധികം ഷെയറുകളാണ് ഇതിനോടകം വിഡിയോയ്ക്ക് ലഭിച്ചത്.
Leave a Comment