ഫേസ്ബുക്കില്‍ ഒരു മില്യണ്‍ ലൈക് സ്വന്തമാക്കി മുന്നേറുകയാണ് കേരള പൊലീസിന്റെ പേജ്. പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ നിന്ന് വ്യത്യസ്തരായി ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിനും പൊതുഅവബോധം നല്‍കുന്നതും ലക്ഷ്യമാക്കി മുന്നേറുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് തുടക്കം മുതല്‍ മികച്ച പിന്തുണയുണ്ടായിരുന്നു. രാജ്യത്തെ പൊലീസ് വകുപ്പിലെ ഫെയ്സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ജനകീയ പിന്തുണ ലഭിച്ചതും കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് തന്നെയായിരുന്നു. അടുത്തിടെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിനെ കേരള പൊലീസ് മറികടന്നിരുന്നു.
പൊതുജനങ്ങളിലേക്ക് എത്രയും വേഗത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുന്ന പേജ് സജീവമാക്കിയത് ജനങ്ങള്‍ തന്നെയായിരുന്നു. പേജില്‍ ട്രോളുകള്‍ ഇറക്കിയും ചോദ്യങ്ങള്‍ ഉന്നയിച്ചുമുള്ള ജനങ്ങളുടെയും വകുപ്പിന്റെയും സംഭാഷണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. പൊതു ജനത്തെ ആകര്‍ഷിക്കുന്ന രീതിയില്‍ സരസമായി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചതാണ് പേജിന് ഇത്രയേറെ ലൈക്കുകള്‍ നേടി കൊടുത്തത്. പുതിയ നേട്ടം ലഭിച്ചതിനെ തുടര്‍ന്ന നന്ദി അറിപ്പിച്ച് കേരളാ പൊലീസ് ഫെയ്സ്ബുക്കിലൂടെ തന്നെ രംഗത്തു വരികയായിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ വ്യത്യസ്തത സൃഷ്ടിച്ച ജനകീയ ഇടപെടലിന്റെ നവീനമാതൃക സൃഷ്ടിക്കാനും, പൊതുജനങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും കേരള പോലീസ് ഫേസ്ബുക് പേജിന് ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതിനോടൊപ്പം, ഉപകാരപ്രദമായ അറിവുകളും അറിയിപ്പുകളും ചിരിയിലും ചിന്തയിലൂടെ പങ്കുവയ്ക്കുകയും സേവനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് മലയാളികള്‍ക്കൊപ്പം നിരന്തര സാന്നിധ്യമായി നിറഞ്ഞു നില്‍ക്കാനും കേരളപോലീസ് ഫേസ്ബുക്ക് പേജിന് കഴിഞ്ഞു. ഒരു മില്യണ്‍ ലൈക് നേടിത്തന്ന ഓരോരുത്തരോടുമുള്ള സ്നേഹം ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു
This post was last modified on January 3, 2019 11:14 am
Leave a Comment