X

അദ്ദേഹം ദൈവം തന്നെയാണ് ‘സിനിമാദൈവം’, ലാല്‍ മാജിക് തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം; വിമർശന കുറിപ്പിന് മറുപടിയുമായി സിദ്ദു പനയ്ക്കല്‍

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകള്‍ക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിര്‍ത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാന്‍ ആരാണിവര്‍.

മോഹൻലാൽ ചിത്രം ലൂസിഫറിനെ രൂക്ഷമായി വിമര്‍ശിച്ച് കുറിപ്പെഴുതിയ വ്യക്തിക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍.

സിനിമയിലെ നായകന്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിന്റെ സംവിധാനത്തെയും മറ്റ് നടീ നടന്മാരുടെ അഭിനയത്തെയും വിമര്‍ശിച്ച് കൊണ്ടായിരുന്നു കുറിപ്പ്. മോഹന്‍ലാലിന് ഇനിയെങ്കിലും അഭിനയം നിര്‍ത്തിക്കൂടെ എന്നും തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നെന്നും കുറിപ്പില്‍ പറയുന്നു. ഇത് കൂടാതെ ചിത്രത്തില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നടന്‍ ടൊവിനോയുടേതുമടക്കമുള്ള കഥാപാത്രങ്ങള്‍ അനാവശ്യമായിരുന്നെന്നും ആയിരുന്നു വിമർശനം. സെലീന ഫെര്‍ണാണ്ടസ് എന്ന പേരിലുളള ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് ലൂസിഫര്‍ സിനിമയ്‌ക്കെതിരെ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

സിദ്ധു പനയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫര്‍ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫര്‍ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ട്ടാക്കള്‍ ആരും അവകാശപ്പെട്ടിട്ടില്ല.

ട്രോളര്‍മാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവര്‍ ആരോപിക്കുന്നത്. ഇവര്‍ ആദ്യം മനസിലാക്കേണ്ടത് വിജയം വിലക്ക് വാങ്ങാനാവില്ല എന്നതാണ്. പൈസ കളയാനും സമയംകളയാനും മലയാളി പ്രേക്ഷകര്‍ വിഡ്ഢികളല്ല. അവരുടെ മടക്കുമുതലിനു തക്കതായമൂല്യം സിനിമയില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും ലൂസിഫര്‍ കാണുന്നത്. പരസ്യം കണ്ടും ട്രോളുകള്‍ കണ്ടും തീയേറ്ററില്‍ എത്തുന്ന ആളുകള്‍ക്ക് തൃപ്തികരമല്ല സിനിമയെങ്കില്‍, അടുത്ത ഷോ മുതല്‍ തീയേറ്ററില്‍ ആളുണ്ടാവില്ല.

മോഹന്‍ലാല്‍ ദൈവം തന്നെയാണ്. ‘സിനിമാദൈവം’. ലാല്‍ മാജിക് തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം. സംവിധാന മികവിനെപറ്റി സംസാരിക്കാന്‍ അവര്‍ക്കെന്തു യോഗ്യത. ഇവരാര് സംവിധാനം പഠിപ്പിക്കുന്ന ടീച്ചറോ. സംവിധാനത്തെ പറ്റി പറയാന്‍ ആ രംഗത്തെ പ്രഗല്‍ഭരുണ്ട്. അവര്‍ വിലയിരുത്തിക്കഴിഞ്ഞതുമാണ്. മികച്ച സംവിധായകരുടെ മുന്‍നിരയില്‍ നിര്‍ത്താവുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ലക്ഷ്യമുള്ളതും ജീവനുള്ളതുമാണ് ഇതിന്റെ തിരക്കഥ എന്ന് ബുദ്ധിയുള്ളവര്‍ ഉറക്കെതന്നെ പറഞ്ഞു.

സിനിമ സാധാരണക്കാരന്റെ വിനോദോപാധിയാണ്. അപ്പോള്‍ അവന് രസിക്കുന്ന ചില ഐറ്റങ്ങള്‍ സിനിമയിലുണ്ടാകും. അലോസരമുണ്ടാക്കുന്ന സംഗീതം എന്ന് നിങ്ങള്‍ പറഞ്ഞതിനാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. സംഗീതം എല്ലാവര്‍ക്കും അറിയണമെന്നില്ല. പക്ഷെ അത് ആസ്വാദിക്കാനെങ്കിലും അറിയണം അല്ലെങ്കില്‍ ഇതുപോലെ ചില മണ്ടന്‍ ജല്പനങ്ങള്‍ ഉണ്ടാകും. ഈ സംഗീത സംവിധായകന്‍ തമഴിലേക്ക് വരണം തമിഴ് സിനിമക്ക് ഇദ്ദേഹം ഒരു മുതല്‍ക്കൂട്ടാകും എന്നാണ് സിനിമകണ്ട തമിഴ് ക്രിട്ടിക്കുകള്‍ ചാനലില്‍ പറഞ്ഞത്. സിനിമ ശരീരമാണെങ്കില്‍ ശ്വാസം ആണ് ആ സംഗീതം ഈ സിനിമക്ക്.

ഇതൊരു ചെറിയ സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞത് ബുദ്ധിപരമായിതന്നെയാണ്. വലിയ സിനിമയാണ് എന്നൊരു സംവിധായകന്‍ പറഞ്ഞതിനെ പ്രേക്ഷകരും ട്രോളര്‍മാരും എങ്ങിനെയാണ് ആഘോഷമാക്കിയത് എന്ന് നാം കണ്ടതാണല്ലോ. സിനിമ കാണാത്തവര്‍ സിനിമയെ പ്രമോട് ചെയ്യുന്നത് കണ്ടവര്‍ പറഞ്ഞിട്ടാണ്. ആ കാണാത്തവര്‍ കണ്ടുകഴിഞ്ഞു മറ്റുള്ളവരോട് പറയുന്നതും നല്ല സിനിമആയതുകൊണ്ടാണ്.

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകള്‍ക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിര്‍ത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാന്‍ ആരാണിവര്‍. ഇവര്‍ എഴുത്തുനിര്‍ത്തി വടികുത്തി നടക്കുമ്പോഴും ലാലേട്ടന്‍ ഇവിടെയുണ്ടാകും, സിനിമയില്‍ ഉണ്ടാകും, അഭിനയരംഗത്തുണ്ടാവും. ലാലേട്ടനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ല. പക്ഷെ എന്റെ മാന്യത അതിനനുവദിക്കുന്നില്ല.

പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത ഒരു സിനിമയെ മോശമായി വിമര്‍ശിക്കുന്ന ഇവര്‍ക്ക് ഫീലിംഗ് ഉണ്ടാവണമെന്നില്ല. ഫീല്‍ ഉണ്ടാവണമെങ്കില്‍ ആദ്യം ഹൃദയം ഉണ്ടാവണം. ഓരോ സീനും കയ്യടിയോടെ, തീയേറ്റര്‍ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോള്‍ ഇരുന്നുറങ്ങിയ ഇവര്‍ എങ്ങിനെയാണ് ഈ സിനിമയെ വിമര്‍ശിച്ചു എഴുതിയത്. കാണാത്ത സിനിമയെപറ്റി എഴുതാന്‍ ഇവര്‍ക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ.

അനാവശ്യ കഥാപാത്രങ്ങള്‍ എന്നു നിങ്ങള്‍ പേരെടുത്തെഴുതിയ ആ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല. കാരണം നല്ല നടന്‍മാര്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചവരാണവര്‍. സംസ്ഥാന അവാര്‍ഡ് ജേതാക്കളും ആ കൂട്ടത്തില്‍ ഉണ്ട്. അവര്‍ കഥയ്ക്ക് ആവശ്യവുമായിരുന്നു.സിനിമ നന്നായി വിലയിരുത്തുന്നവരുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് തീയേറ്ററുകളില്‍ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപെട്ടു തുടങ്ങിയത്.

ഈ കാലത്ത് പട്ടിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് എല്ല് അല്ല. നിങ്ങളെപോലുള്ളവര്‍ വലിച്ചീമ്പി കളയുന്ന എല്ലില്‍ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പട്ടിക്കറിയാം. ഈ L ലൂസിഫറിന്റെ L ആണ്. MOHANLAL ലിലെ L ആണ്. ആ L നോടുള്ള ഇഷ്ടം തന്നെയാണ് തീയേറ്ററില്‍ ജനസാഗരമായി അലയടിക്കുന്നത്, കൊടുംകാറ്റായി ആഞ്ഞടിക്കുന്നത്. ആ താരത്തോട്.. സംവിധായകനോട് ആളുകള്‍ക്കുള്ള സ്‌നേഹമാണ് ജനപ്രളയമായി തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നത്. എന്തുചെയ്യാം അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.