X

സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ദിലീപ് അനുകൂല ലേഖനം: കലാപമുയര്‍ത്തി എഡിറ്റോറിയല്‍ ടീം

മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമാണെന്ന് സൗത്ത് ലൈവ് എക്സിക്യൂട്ടിവ് എഡിറ്റര്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെ ദിലീപിന് പിന്തുണയറിയിച്ചുകൊണ്ട് സിനിമാതാരങ്ങള്‍ കൂട്ടത്തോടെ ജയിലിലെത്തിയത് ശ്രദ്ധേയമായിരുന്നു. ദിലീപിന് വേണ്ടി പണം മുടക്കിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും സജീവമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിനിടയിലാണ് ദിലീപിന് പിന്തുണയുമായി പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റായ സൗത്ത് ലൈവിന്റെ ലേഖനം വന്നിരിക്കുന്നത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്. അതേസമയം സെബാസ്റ്റ്യന്‍ പോളിന്റേയും മാനേജ്‌മെന്റിന്റേയും നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗത്ത് ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ് അടക്കമുള്ള എഡിറ്റോറിയല്‍ ടീം രംഗത്ത് വന്നു. ഈ ലേഖനത്തില്‍ എഡിറ്റോറിയല്‍ ടീമിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ഭൂപേഷ് പറയുന്നു. സെബാസ്റ്റ്യന്‍ പോളിന്‍റെ നിലപാടിന് മാനേജ്മെന്റ് കീഴടങ്ങുകയായിരുന്നു എന്നാണ് ഭൂപേഷ് പറയുന്നത്. വിചാരണയില്ലാതെ ജയിലില്‍ കിടക്കേണ്ടി വന്നവരെ കുറിച്ചും അനീതിയും മനുഷ്യാവകാശ ലംഘനവും നേരിടേണ്ടി വന്നവരെകുറിച്ചുമാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. അബ്ദുല്‍ നാസര്‍ മദനിയെക്കുറിച്ചും യേശു ക്രിസ്തുവിനെക്കുറിച്ചും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത് ഇങ്ങനെ:

തടവറയ്ക്ക് താഴിട്ടാല്‍ തടവുകാരനെ മറക്കുകയെന്നതാണ് സാമാന്യരീതി. ഇന്ത്യന്‍ ജയിലുകളില്‍ വിചാരണയില്ലാതെ കഴിയുന്ന ഹതഭാഗ്യരുടെ എണ്ണം പറഞ്ഞാല്‍ സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക് തല താഴ്ത്തും. ദാരിദ്ര്യംകൊണ്ടുമാത്രം ജയിലില്‍ കഴിയുന്ന ചിലരെ പണം നല്‍കി വിമോചിതരാക്കിയ കാര്യം ജയിലില്‍നിന്നിറങ്ങിയ മംഗളം ടെലിവിഷന്‍ സിഇഒ അജിത്കുമാര്‍ എന്നോട് പറഞ്ഞു. മഅദനിയും അത്തരം കഥകള്‍ പറഞ്ഞിട്ടുണ്ട്. ദിലീപിനും അത്തരം കഥകള്‍ പറയാനുണ്ടാകും. പാരപ്പന അഗ്രഹാര ജയിലില്‍ മഅദനിക്കൊപ്പം കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരന്റെ കഥ സമൂഹത്തെ അറിയിച്ചത് ഞാനാണ്. തടവുകാരോടുള്ള സഹാനുഭൂതി വിശുദ്ധമായ മനോഗുണപ്രവൃത്തിയാണ്. ജീവപര;ന്തം തടവ് അനുഭവിച്ചതിനുശേഷവും മോചിതനാകാതെ അതേ ജയിലില്‍ കഴിയുന്ന കോട്ടയം സ്വദേശി പ്രസാദ് ബാബുവിനെയും ഞാന്‍ കണ്ടു. അയാളുടെ കാര്യം ഞാന്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മോചനത്തിനുള്ള നടപടി ആരംഭിച്ചു. ഒരു തടവുകാരനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. റോമന്‍ ഭരണകൂടം ആ തടവുകാരനോട് നീതിപൂര്‍വകമായല്ല പെരുമാറിയതെന്ന ആക്ഷേപം എനിക്കല്ല, കാലത്തിനുണ്ട്. ഗാഗുല്‍ത്തയിലെ വിലാപം ഇരുപത് നൂറ്റാണ്ടുകള്‍ക്കിപ്പുറവും കേള്‍ക്കുന്നത് അതുകൊണ്ടാണ്. കുരിശിന്റെ വഴിയില്‍ ക്രുദ്ധരായ പട്ടാളക്കാരെ വകവയ്ക്കാതെ തടവുകാരനെ സമാശ്വസിപ്പിച്ച വെറോണിക്ക മാത്രമല്ല അവളുടെ പുണ്യം പതിഞ്ഞ തൂവാലയും ഇന്നും ഓര്‍മിക്കപ്പെടുന്നത് അതുകൊണ്ടാണ്.

കൊച്ചിയിലെ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. ആയതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയതായി അറിവില്ല. സന്ധ്യയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടാകാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ? പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവും?

എന്‍.കെ ഭൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം- സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാവണം- സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞകുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികള്‍ നടത്തുന്ന പ്രചണ്ട പ്രചാരണത്തിന്റെ ഭാഗമായുളള ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്റെതല്ല. ഞാനടക്കമുള്ളവര്‍ സൗത്ത് ലൈവ് ഈ വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍നിന്നുള്ള മലക്കം മറച്ചില്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റൈ നിലപാടിന് മാനേജ്‌മെന്റ് കീഴടങ്ങുകയായിരുന്നു. മഅദ്‌നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമണെന്നാണ് എന്റെ നിലാപാട്. ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് എനിക്കറിയില്ല. ഇവിടെ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്‌മെന്റും സെബ്ാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ല. ഏന്തായാലും സൗത്ത് ലൈവ് ചീഫ് എഡിറ്ററുടെ ദിലീപ് അനുകൂല ലേഖനത്തെ ശക്തമായി എതിര്‍ക്കുന്നു. അതില്‍ ഉളളത് വേട്ടക്കാരന്റെ നീതികരിക്കുന്നവരുടെ ശബ്ദമാണ്.

മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമണെന്നാണ് എന്റെ നിലപാട്” എന്ന് എന്‍.കെ ഭൂപേഷ് അഴിമുഖത്തോട് പറഞ്ഞു. “ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് എനിക്കറിയില്ല. ഇത് വേട്ടക്കാരന്റെ ശബ്ദമാണ്. ഇവിടെ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്മെന്റും സെബാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ലെ”ന്നും ഭൂപേഷ് വ്യക്തമാക്കുന്നു. സികേഷ് ഗോപിനാഥ്, ശ്രിന്‍ഷ രാമകൃഷ്ണന്‍, നിസാം ചെമ്മാട് തുടങ്ങിയ സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരും പ്രതിഷേധം പ്രകടിപ്പിച്ച്  പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

This post was last modified on September 10, 2017 9:41 pm