X

സംശുദ്ധമായ രാഷ്ട്രീയജീവിതത്തിന് വിട

അഴിമുഖം പ്രതിനിധി


തന്റെ 66-ാം വയസില്‍ കരളില്‍ ഉണ്ടായ അര്‍ബുദത്തെ തുടര്‍ന്ന് അന്തരിക്കുമ്പോള്‍ ജി കാര്‍ത്തികേയന്‍ തികച്ചും സംശുദ്ധമായ ഒരു രാഷ്ട്രീയ ജീവിതം ബാക്കി വച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. സാധാരണ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായി വിഷയങ്ങളോടുള്ള പക്വമായ സമീപനവും പരന്ന വായനയും അദ്ദേഹം കാത്തുസൂക്ഷിച്ചു. 

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ജനിച്ച കാര്‍ത്തികേയന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തിലെ തന്നെ പൊതുരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കെ കരുണാകരന്റെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്മാരില്‍ ഒരാളായി കാര്‍ത്തികേയന്‍ അറിയപ്പെട്ടു. അപ്പോഴും ഇതര ഗ്രൂപ്പ് നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. 

കരുണാകരന്റെ ശിഷ്യനായി അറിയപ്പെടുമ്പോഴും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കാര്‍ത്തികേയന്‍ തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ അദ്ദേഹം ഉയര്‍ത്തിയ ഏകകക്ഷി വാദം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ സംവാദങ്ങള്‍ക്ക് കളമൊരുക്കി. രമേശ് ചെന്നിത്തല, എം ഐ ഷാനവാസ് എന്നിവരോടൊപ്പം ചേര്‍ന്ന് തുടങ്ങിയ തിരുത്തല്‍വാദ പ്രസ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. 

കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ജികെ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം മികച്ച വാഗ്മിയുമായിരുന്നു. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും സിപിഎമ്മിന്റെ കരുത്തനായിരുന്ന കെ അനിരുദ്ധനെ തോല്‍പിച്ചു കൊണ്ട് തന്റെ മുപ്പത്തിമൂന്നാം വയസില്‍ കാര്‍ത്തികേയന്‍ നിയമസഭയില്‍ എത്തി. 1987ല്‍ അതേ മണ്ഡലത്തില്‍ സിപിഎമ്മിലെ തന്നെ എം വിജയകുമാറിനോട് പരാജയപ്പെട്ട കാര്‍ത്തികേയന്‍ പിന്നീട് 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആര്യനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 ല്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

1995ല്‍ കെ കരുണാകരന്റെ രാജിയെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. 2001ല്‍ വീണ്ടും ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിയായിരിക്കെ ശാസ്തമംഗലം ശ്രീരംഗം ലൈനിലെ അഭയം എന്ന സ്വവസതി ഔദ്യോഗിക വസതിയായി ഉപയോഗിച്ച് വേറിട്ട നിലപാട് പുലര്‍ത്തിയ അദ്ദേഹം ഇത്തവണ സ്പീക്കറായ ശേഷം നിയമസഭാ വളപ്പിലെ നീതി എന്ന ഔദ്യോഗിക വസതിയിലായിരുന്നു താമസം. സ്പീക്കറായിരിക്കെ എംഎല്‍എ ഹോസ്റ്റലില്‍ മുന്‍ എംഎല്‍എമാര്‍ക്കു മുറി അനുവദിക്കുന്നതില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയ അദ്ദേഹം നിയമസഭാംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു കൃത്യസമയത്തു മന്ത്രിമാര്‍ മറുപടി നല്‍കണമെന്നു നിഷ്‌കര്‍ഷ പുലര്‍ത്തി. നിയമനിര്‍മാണ ചര്‍ച്ചകളില്‍ എംഎല്‍എമാര്‍ സജീവമാകണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു കാര്‍ത്തികേയന്‍. ലാപ് ടോപ്, ഐ പാഡ് തുടങ്ങിയവ സഭയില്‍ ഉപയോഗിക്കാമെന്ന ശ്രദ്ധേയമായ റൂളിങ്ങും കാര്‍ത്തികേയന്റേതാണ്.

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. എംടി സുലേഖയാണ് ഭാര്യ. രണ്ട് മക്കള്‍: അനന്തപത്മനാഭന്‍ (എന്‍ജിനീയര്‍, ജക്കാര്‍ത്ത) ശബരീനാഥന്‍(മാനേജര്‍ – എച്ച്ആര്‍, ടാറ്റ, മുബൈ).

 

This post was last modified on March 7, 2015 11:57 am