X

ടി.കെ ഫയാസിനും അബു ലൈസിനും ഒപ്പം നിന്ന് സെൽഫി എടുക്കുന്ന മലബാര്‍ രാഷ്ട്രീയം; സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ മേഖലയിലെ പുതിയ താരോദയങ്ങള്‍-ഭാഗം 6

എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര തുടരുന്നു

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ വായിക്കാം:

1. കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

2. കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

3. ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം

4. ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ

5. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്വൊട്ടേഷൻ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്

ഭാഗം 6. ടി.കെ ഫയാസിനും അബു ലൈസിനും ഒപ്പം നിന്ന് സെൽഫി എടുക്കുന്ന മലബാര്‍ രാഷ്ട്രീയം; സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ മേഖലയിലെ പുതിയ താരോദയങ്ങള്‍ 

“വാട്‍സ് ആപ് ചെക്കന്മാർക്ക് ഒന്നും അറിയില്ല. ഏറെ കഷ്ടപ്പാടുണ്ട് നാല് കായുണ്ടാക്കാൻ”, പറയുന്നത് ഒരു പഴയ സ്വർണ കള്ളക്കടത്തു സഹായി തന്നെ. പറഞ്ഞിട്ട് കാര്യമില്ല, ഇയാൾ റിട്ടയേർഡ് ആയി. ദുബായിൽ നിന്നും കരിപ്പൂർ എയർപോർട്ട് വഴി ഒന്നര കിലോ സ്വർണവുമായി വന്നിറങ്ങിയ രണ്ടു പേരെ കൊണ്ടോട്ടി വഴി മലപ്പുറം വേങ്ങര വരെ എത്തിക്കുക എന്നതായിരുന്നു അയാളുടെ ആദ്യ ദൗത്യം. വേങ്ങരയിൽ നിന്നും വീണ്ടും തേഞ്ഞിപ്പലം വഴി കൊണ്ടോട്ടിക്ക് തിരിച്ചു മടങ്ങാൻ നിർദ്ദേശം കിട്ടിയപ്പോഴും കാറിന്റെ സ്റ്റിയറിംഗ് അയാളുടെ കയ്യിൽ തന്നെയായിരുന്നു. എല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ എല്ലാ വഴിയിലും വല വിരിച്ചിരുന്നു. സ്വർണ്ണ ബിസ്കറ്റുകൾ അവർ കയ്യോടെ പിടികൂടി. കാറും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. അടിയും ഇടിയും ഒന്നും ഉണ്ടായില്ലെന്നും തൽകാലം കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും പറഞ്ഞു വിട്ടയച്ചെങ്കിലും വണ്ടി ഏർപ്പാടാക്കിയ ആളെ ഒരു ടെലിഫോൺ ബൂത്തിൽ നിന്നും വിളിച്ചപ്പോൾ പറഞ്ഞത് ഒരു വലിയ ലീഗ് നേതാവ് ഇടപെട്ടതുകൊണ്ടു നമ്മൾ രക്ഷപെട്ടുവെന്നും നിന്റെ വണ്ടിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിനക്കുള്ള പണപ്പൊതി വെച്ചിട്ടുണ്ടെന്നുമായിരുന്നു. കാറിന്റെ പിൻസീറ്റിലെ കവർ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പൊട്ടിച്ചു നോക്കുമ്പോൾ രണ്ടായിരത്തി അഞ്ഞൂറ് രൂപയും ആവശ്യമെങ്കിൽ വീണ്ടും വിളിക്കുമെന്ന ഒരു പേരില്ലാ കുറിപ്പും.

കൊണ്ടോട്ടിയിൽ നിന്നും കരിപ്പൂർ പോയി വേങ്ങര വഴി തേഞ്ഞിപ്പലം പിടിച്ചു വീണ്ടും കരിപ്പൂരിൽ എത്തിയാൽ അന്നൊക്കെ ആകെ കിട്ടുന്ന കൂലി (വെയ്റ്റിംഗ് ഉണ്ടായാൽ പോലും) വെറും മുന്നൂറു രൂപ പോലും ആവാത്ത അക്കാലത്ത് അറിയാതെയാണെങ്കിലും സ്വർണ ബിസ്കറ്റുമായി കാറോട്ടം നടത്തിയ ഹമീദിക്കയുടെ (യഥാർത്ഥ പേരല്ല) കണ്ണിൽ ഇപ്പോഴും ഒരു വിജയിയുടെ ഹുങ്ക് തിളങ്ങുന്നുണ്ട്. ആ ഹുങ്ക് അടികൊള്ളാതെ കിട്ടിയ പണത്തിന്റെ ഹുങ്ക് മാത്രമാണെന്നും പിന്നീട് വണ്ടിയോട്ടം നിര്‍ത്തുന്നതുവരെ ആ പണിക്കു പോയിട്ടില്ലെന്നും, ‘എന്നാലും കഞ്ഞി പൈസയല്ലേ’- ഹമീദിക്ക ആദ്യത്തെ ആവേശം കെട്ടടങ്ങിയപ്പോൾ പറഞ്ഞു.

ഹമീദിക്ക എനിക്കൊരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. കരിപ്പൂരിൽ നിന്നുള്ള ആദ്യത്തെ ഷാർജ വിമാനത്തിൽ യാത്രചെയ്ത അപൂർവം ചില പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഞാനും. മടക്ക യാത്രയിൽ ഹമീദിക്കയുടെ അംബാസിഡർ കാറിലായിരുന്നു കോഴിക്കോട് ചാലപ്പുറത്തെ വാസസ്ഥലത്തേക്കുള്ള മടക്കം. അന്ന് തുടങ്ങിയ ആ സൗഹൃദം പിന്നീട് ദി ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകനായി മലപ്പുറത്ത് ജോലിചെയ്യുമ്പോഴും തുടർന്നിരുന്നു.

ഹമീദിക്കാക്കു വയസ്സായെങ്കിലും മലബാറിലെ സ്വർണം കള്ളക്കടത്തിനെക്കുറിച്ചും കുഴൽപ്പണം ഇടപാടിനെക്കുറിച്ചും പറയുമ്പോൾ ഇപ്പോഴും നൂറു നാവാണ്. പക്ഷെ എല്ലാം നേരറിവല്ലെന്നു മാത്രം. ഇപ്പോഴും ആ രംഗത്ത് പ്രവർത്തിക്കുന്ന പലരെയും മൂപ്പർക്ക് നേരിട്ടറിയാം. പക്ഷെ പത്രപ്രവര്‍ത്തകന് അവരെ പരിചയപ്പെടുത്താൻ ഹമീദിക്ക തയ്യാറല്ല. അതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരവുമുണ്ട്; “കഞ്ഞികുടി മുട്ടിക്കാൻ ഞമ്മളാരാ”.
എങ്കിലും ഹമീദിക്ക മറ്റൊരാളെ പരിചയപ്പെടുത്തി തന്നു. തനി ഏറനാടൻ. ഹമീദിക്കയുടെ  സുഹൃത്തായതു കൊണ്ടും അയാളുടെ പേരും മേൽവിലാസവും ഒന്നും പുറത്തുവരില്ലെന്ന് ഇക്ക നൽകിയ ഉറപ്പിലും അയാൾ പറഞ്ഞ കാര്യങ്ങൾ (ഇവയിൽ പലതും അയാൾക്ക് നേരിട്ടറിവില്ലാത്തവ തന്നെ) ഞെട്ടിപ്പിക്കുന്നതായിരുന്നു.

മാഹിയിലെ മദ്യ ഷോപ്പുകളെക്കാൾ എണ്ണത്തിൽ പെരുപ്പമുള്ള കോഴിക്കോട് കൊടുവള്ളിയിലെ സ്വര്‍ണക്കടകളെക്കുറിച്ചു മാത്രമായിരുന്നില്ല അയാൾ പറഞ്ഞത്. മുസ്ലീം ലീഗിന്റെയും പോപ്പുലർ ഫ്രെണ്ടിന്റെയുമൊക്കെ പ്രധാന വരുമാന സ്രോതസ്സ് സ്വർണം – കുഴപ്പണം ഇടപാടുകാരിൽ നിന്നാണെന്നും മലപ്പുറത്തെയും കോഴിക്കോടെയും കോൺഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയ പാർട്ടികളുടെ ചില നേതാക്കൾക്ക് വരെ ഇതിൽ നേരിട്ട് പങ്കുണ്ടെന്നും അയാൾ പറയുന്നു. (ആരോപിതരായ ആരുടേയും പേരുകൾ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാത്തതിനാൽ ഇവിടെ ചേർക്കുന്നില്ല). എങ്കിലും മലബാറിലെ സ്വർണം കള്ളക്കടത്തിലെ പുതിയ താരോദയം എന്ന് തന്നെ വിശേഷിപ്പിക്കപ്പെടേണ്ട ടി.കെ ഫയാസിനും അബു ലൈസിനും ഒപ്പം നിന്ന് സെൽഫി എടുത്ത ഓരോ പാർട്ടിയിലും പെട്ട നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ഇന്റര്‍നെറ്റിൽ ലഭ്യമാണ് എന്ന് മാത്രം തത്ക്കാലം പറഞ്ഞവസാനിപ്പിക്കേണ്ടിവരുന്നു. സത്യത്തിൽ ഒരു മാധ്യമ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്തൊരു ഗതികേടെന്നറിയാം. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ വെറുതെ പരാമർശിച്ചുപോകുന്ന പേരുകൾ ഇവിടെ കുറിക്കുന്നത് ഒട്ടും ഉചിതമല്ലല്ലോ.

ഫായിസ് എന്ന നവാബ്

സ്വർണം കള്ളക്കടത്ത്‌, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.

പക്ഷെ അതിനു മുൻപ് തന്നെ ഫായിസ് എന്ന മാഹിക്കാരൻ കളത്തിലിറങ്ങി കളിച്ചു തുടങ്ങിയിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പക്ഷെ അവരുടെ കണ്ണുകളും ഇയാളിൽ ഉടക്കിയത് നെടുമ്പാശ്ശേരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ വെച്ച് 2.5 കിലോ സ്വർണവുമായി ആരിഫ, ആസിഫ എന്ന രണ്ടു യുവതികളും സഹായിയായ ഹാരീസും പിടിയിലായതോടെയായിരുന്നു. ഈ കേസിൽ കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടർ മാധവനും പ്രിവന്റീവ് ഉദ്യോഗസ്ഥരായ സുനിൽ കുമാർ, സഞ്ജയ് കുമാർ സോണി എന്നിവർ കൂടി പിടിക്കപ്പെട്ടു എന്നതിനാലാണ് സ്വർണ കള്ളക്കടത്തിലെ യുവ രാജാവ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. മാധവൻ നൽകിയ മൊഴി തനിക്കു ഡിആർഐയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് ഫായിസിനെ പരിചയപ്പെടുത്തിയതെന്നായിരുന്നു. ഡിആർഐ – കസ്റ്റംസ് പടലപ്പിണക്കങ്ങളാണ് ഇവിടെ പ്രശ്നമായത്. കൂടാതെ കള്ളക്കടത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റലും. ഫായിസിന്റെ കാരിയർമാരിൽ നിന്നും 2.5 കിലോ സ്വർണം പിടികൂടിയ അതേ വര്‍ഷം തന്നെ വെറും രണ്ടു മാസത്തിനിടയിൽ ഫായിസിന്റെ ആൾക്കാർ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 35 കിലോ സ്വർണം കേരളത്തിലേക്ക് കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകുന്ന വിവരം.

ഹമീദിക്കാക്ക് ഫായിസിനെ കണ്ടറിവില്ല, പക്ഷെ അയാളുടെ ചങ്ങാതി പലതവണ ഫായിസിനെ നേരിൽ കണ്ടിട്ടുണ്ട്. എന്നിട്ടും മാഹിക്കാരൻ ഫായിസ് ശരിക്കും ഏതു നാട്ടുകാരൻ ആണെന്ന് അയാൾക്ക് തിട്ടമില്ല. “ദുബായിലെ വലിയ കച്ചവടക്കാരൻ, നവാബ്” എന്നൊക്കെ മാത്രം പറഞ്ഞ് ഒഴിയുമ്പോഴും ഫായിസിന്റെ മലപ്പുറത്തെ ചില രാഷ്ട്രീയ ബന്ധങ്ങൾ അയാൾ മറച്ചുവെച്ചില്ല, ഒന്നും എഴുതില്ലെന്ന ഉറപ്പിൽ മാത്രം.

സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്. മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികള്‍ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്. കാരിയർ ആയി പിന്നീട് വലിയ സ്വര്‍ണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പോലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.

ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പോലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ പോലീസ് നൽകുന്നത് മറ്റൊരു കഥയാണ്. ഇരുവരെയും കൊന്നത് കാസർകോട് ചെർക്കള സ്വദേശി മുഹമ്മദ് മഹാജീർ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് സഫ്‌വാൻ എന്നിവരാണെന്നും ക്വൊട്ടേഷൻ മുംബൈ യിൽ നിന്നായിരുന്നുവെന്നുമാണ്. (കള്ളക്കടത്തിന്റെ കാസർകോട് ബന്ധം വഴിയേ പറയാം).

ടി.കെ ഫായിസിനെപോലെ ഈ രംഗത്ത് വിലസുന്ന മറ്റൊരു രാജകുമാരനാണ് പിടികിട്ടാപ്പുള്ളിയായി ദുബായിൽ കഴിയുന്ന അബു ലൈസ്. ഇയാൾക്കെതിരെ ചുമത്തപ്പെട്ട കൊഫെപോസ കേസ് പിൻവലിക്കണമെന്ന് കുന്നമംഗലം എംഎൽഎ പിടിഎ റഹീമും കൊടുവള്ളി എംഎൽഎ കാരാട്ട് റസാക്കും ആവശ്യപ്പെട്ടതും അടുത്തകാലത്ത് വലിയ കോലാഹലം സൃഷ്ടിച്ച വാർത്തയായിരുന്നു. അതോടൊപ്പം പഴയ മുസ്ലീം ലീഗുകാരനും ഇപ്പോൾ ഇടതു സ്വതന്ത്ര എംഎൽഎയും ആയ കാരാട്ട് റസാഖിന്റെ ആഡംബര കാർ കോടിയേരിയുടെ യാത്രയ്ക്ക് ഉപയോഗിച്ചതും കൊടുവള്ളിയിൽ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിൽ റസാഖിനൊപ്പം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും ഒരുമിച്ചു പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവന്നതും ഒക്കെ അടുത്തകാലത്ത് തന്നെ സംഭവിച്ച കാര്യങ്ങളാണ്. നേരിട്ട് ബന്ധമില്ലെങ്കിലും പല നേതാക്കളും ഇത്തരം കെണികളിൽ വീഴുന്നു എന്ന് മാത്രമല്ല ഇതൊക്കെ കാണിക്കുന്നത്. എല്ലാ പാർട്ടിയിലും പെട്ട ചില പ്രാദേശിക നേതാക്കളാണ് ഇത്തരം കെണികൾ ഒരുക്കുന്നതെന്നതും കൂടി കൂട്ടിവായിക്കേണ്ടതുണ്ട്.

കാസർകോട് എന്ന കള്ളക്കടത്തിന്റെ സ്വന്തം നാട്

സപ്ത ഭാഷകളുടെ സംഗമ ഭൂമി, യക്ഷഗാനത്തിന്റെ നാട്, പുഴകളുടെയും നദികളുടെയും നാട്, ബേക്കൽ കോട്ട അടക്കമുള്ള നിരവധി ചരിത്ര സ്മാരകങ്ങളുടെ നാട്… വിശേഷണങ്ങൾ ഒട്ടേറെയാണ് കേരളത്തിന്റെ വടക്കേ അറ്റത്ത്‌ കർണാടകത്തോട് ചേർന്ന് കിടക്കുന്ന കാസർഗോഡ് ജില്ലയ്ക്ക്. എന്നാൽ കള്ളക്കടത്തിന്റെയും കുഴൽപ്പണത്തിന്റെയും ഒക്കെ സ്വന്തം നാടെന്ന ഒരു ദുഷ്പ്പേരുകൂടി ഈ നാടിനു ചാർത്തിക്കിട്ടിയിട്ടുണ്ട്. കൊച്ചി നെടുമ്പാശേരിയിലും കോഴിക്കോട് കരിപ്പൂരിലുമൊക്കെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ വരുന്നതിനും എത്രയോ കാലം മുൻപ് തന്നെ കാസർകോടിന്റെ കടൽത്തീരങ്ങളിൽ സ്വർണ ബിസ്കറ്റുകൾ നിർബാധം വന്നിറങ്ങിയിരുന്നു. പലപ്പോഴും കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും ഒക്കെയുള്ള കള്ളക്കടത്തു സ്വർണം കാസർകോട് വഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. ദുബായിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം അവിടെ ഇന്നും കപ്പൽ മാർഗം കാസർകോടിന്റെ പുറംകടലിലെത്തിച്ച് ഉരുവിലും ബോട്ടിലും തോണിയിലുമൊക്കെയായിരുന്നു ജില്ലയുടെ തീരപ്രദേശങ്ങളിൽ എത്തിച്ചിരുന്നത്.

ദാവൂദ് ഇബ്രാഹിമും അയാളുടെ ‘ഡി’ കമ്പനിയുമൊക്കെ ഉണ്ടാകുന്നതിനും മുൻപ് തമിഴ്നാട്ടിൽ നിന്നും മുംബൈയിലേക്ക്‌ പറിച്ചുനടപ്പെട്ട ഹാജി മാസ്‌താനുംവരദരാജൻ മുതലിയാരുമൊക്കെ അടക്കിവാണിരുന്ന മുംബൈ അധോലോകത്തിന്റെ കണ്ണികളായാണ് അന്ന് കാസർകോടും, ഇന്നിപ്പോൾ ‘ലിറ്റിൽ മുംബൈ’ എന്നറിയപ്പെടുന്ന മംഗലാപുരത്തേയുമൊക്കെ കള്ളക്കടത്തു സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ കുപ്രസിദ്ധ സ്വർണം കള്ളക്കടത്തുകാരിലൊരാൾ പിന്നീട് മന:പരിവർത്തനം വന്ന് മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിച്ച ചരിത്രവും കാസർകോടിന് പറയാനുണ്ട്.

പക്ഷെ നേട്ടങ്ങൾ ഒരുപാട് കൊയ്തുകൂട്ടുമ്പോഴും കരൾ നുറുങ്ങുന്ന കദനകഥകളും കള്ളക്കടത്തുമായി ബന്ധപ്പെട്ട് കാസർകോടിന് പറയാനുണ്ട്. അതിലൊന്നാണ് കാസർകോട് ബേക്കലിനടുത്ത കെ.എം ഹംസയുടെ ദാരുണ കൊലപാതകം. കള്ളക്കടത്തിനെക്കുറിച്ചു വിവരം നല്‍കിയെന്നതിന്റെ പേരിലാണ് മുംബൈയിൽ നിന്നെത്തിയ ഒരു സംഘം വാടക കൊലയാളികൾ ഒരു ചെറുകിട ബിസിനസുകാരനായിരുന്ന ഹംസയെ കാറിൽ സഞ്ചരിക്കവേ പിന്തുടർന്ന് വെടിവെച്ചു കൊന്നത്. ദാവൂദിന്റെ ഡി കമ്പനിയായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും മുംബൈയിലെ ചില സാധാ ഗുണ്ടകളെ പിടിച്ച് അതിൽ ചിലരെ ശിക്ഷിച്ചു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല.

ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകം അയാളുടെ സ്വന്തം ശിങ്കിടികളുടെയും, മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും പിന്നീട് ഇന്ത്യ വിടുകയും ഈയിടെ പിടിയിലാവുകയും ചെയ്ത രവി പൂജാരിയെപ്പോലുള്ളവരുടെ വരുതിയിൽ വന്ന ഇക്കാലത്തും സ്വർണം കള്ളക്കടത്തിന്റെയും കുഴപ്പണമിടപാടിന്റെയും കള്ളനോട്ട് ഇടപാടിന്റെയും കേരളത്തിലേക്കുള്ള പ്രധാന കവാടമായി കാസർകോട് തുടരുന്നു എന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെയും സെൻട്രൽ കസ്റ്റംസിന്റെയും വൃത്തങ്ങൾ നൽകുന്ന വിവരങ്ങള്‍.

(തുടരും)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on February 28, 2019 11:15 pm