X
    Categories: കായികം

പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് 10 ശ്രീലങ്കന്‍ താരങ്ങള്‍ പിന്‍മാറി

ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ളവരാണ് പിന്‍മാറിയത്.

ഈ മാസം 27 ന് നടക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ പിന്‍മാറി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. പത്ത് താരങ്ങള്‍ ടീമില്‍ നിന്ന് പിന്‍മാറിയതോടെ മത്സരങ്ങളും അനിശ്ചിതത്വത്തിലായി. സുരക്ഷാഭീതി കണക്കിലെടുത്താണ് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ളവരാണ് പിന്‍മാറിയത്. പാക്കിസ്ഥാനിലൊരുക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കളിക്കാര്‍ക്ക് വിശദീകരിച്ചുകൊടുത്തിരുന്നു. ഇതിനുശേഷമാണ് 10 താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള സ്വാതന്ത്ര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നു.

സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്. ഈ മാസം 27ന് നടക്കേണ്ട് പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2009 മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായും കായിക മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.