അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രീലങ്കയുടെ ഇതിഹാസ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് മലിംഗ ലങ്കയുടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് മലിംഗ.
ഈ നൂറ്റാണ്ടിലെ ലോകക്രിക്കറ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു മലിംഗ. താരത്തിന്റെ വിരമിക്കല്‍ ശ്രീലങ്കയെ സംബന്ധിച്ചടുത്തോളം അവരുടെ സുവര്‍ണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ കുറെയേറെ നാളുകളായി ശ്രീലങ്കയുടെ മുഖമായിരുന്നു മലിംഗ. നിര്‍ണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ലോകത്തെ പേരുകേട്ട ബാറ്റിങ് നിരയെ വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും മലിംഗ നേരിട്ടു. കൃത്യതയാര്‍ന്ന യോര്‍ക്കറുകളായിരുന്നു മലിംഗയുടെ പ്രധാന സവിശേഷത. വിചിത്രമായ ആക്ഷന്‍ കാരണം, ദാക്കത്ത (അരിവാള്‍) എന്നായിരുന്നു മലിംഗ അറിയപ്പെട്ടിരുന്നത്. മലിംഗ പന്തു വീശുന്നത് കാണുന്നില്ല എന്നു പറഞ്ഞ് ഒരിക്കല്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ അംപയറോട് പാന്റസിന്റെ നിറം വരെ മാറ്റാന്‍ പറഞ്ഞതും വിവാദങ്ങള്‍ക്കിടയായിരുന്നു.
രണ്ട് തവണ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. 2007ലും 2011ലും ലോകകപ്പ് കലാശപോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കിരീടം കൈവിട്ടുപോയി. 2009ലും 2012ലും ടി20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. 2014ല്‍ ആ കിരീടം ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു. മലിംഗയുടെ കിരീട നേട്ടവും അതില്‍ അവസാനിച്ചു.
2004ലായിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. മുപ്പത്തിയഞ്ചുകാരനായ താരം 220 ഇന്നിംഗ്‌സുകളില്‍ നിന്ന് 338 വിക്കറ്റ് നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്ന് 2011ല്‍ വിരമിച്ച താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരുകയായിരുന്നു. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലിംഗ അറിയിച്ചിരുന്നു. ഏകദിനത്തില്‍ ഹാട്രിക്ക് ഉള്‍പ്പടെയാണ് മലിംഗ വിക്കറ്റ് വേട്ട നടത്തിയത്. ഏകദിനത്തില്‍ ഇത്രയും ഹാട്രിക് വീഴ്ത്തിയ മറ്റൊരു താരമില്ല. ലോകകപ്പില്‍ മാത്രം 56 വിക്കറ്റ് നേടി. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും മലിംഗയുടെ അക്കൗണ്ടിലുണ്ട്. 73 ടി20യില്‍ 97 വിക്കറ്റും മലിംഗ സ്വന്തമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് മലിംഗ. ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള താരത്തിന്റെ വിരമിക്കലിനെ തുടര്‍ന്ന് താരത്തിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്തെത്തി.
This post was last modified on July 27, 2019 9:19 am
Leave a Comment