X

ഇംഗ്ലണ്ടിനൊരു ഒന്നൊന്നര ക്യാപ്റ്റന്‍ ഉണ്ടെന്നു പറ: ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഹാരി കെയ്ന്‍ മുന്നില്‍

ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടിയുള്ള മത്സരത്തില്‍ ഒന്നാമത് ഉള്ള ഹാരിയെ പിടിച്ചു കിട്ടിയില്ലെങ്കില്‍ എതിര്‍ ടീമുകളുടെ വല നിറയും

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോകകിരീടം ഉയര്‍ത്താന്‍ ശേഷിയുള്ള പോരാളികളുമായാണ് ഇംഗ്ലണ്ട് ഇക്കുറി റഷ്യയിലെത്തിയത്. ലോകത്തെ ഏറ്റവും പ്രതാപമുള്ള ഫുട്‌ബോള്‍ ലീഗിന്റെ അവകാശികളായിരിക്കുമ്പോഴും ഇംഗ്ലീഷ് ഫുട്‌ബോളിന് ഇക്കാലമത്രയും ലോകകിരീടങ്ങള്‍ സ്വപ്നം കാണാനായിട്ടില്ല. വീറും വാശിയും പ്രതിഭയുമുള്ള താരങ്ങളാല്‍ ഇംഗ്ലണ്ട് എക്കാലത്തും സമ്പന്നമായിരുന്നു. എന്നാല്‍ വലിയ വേദികളില്‍ കളി മറക്കുന്നവരായി അവര്‍ മാറി.

1966-ല്‍ സ്വന്തം മണ്ണില്‍ ബോബി മൂറിന്റെ നേതൃത്വത്തില്‍ കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് പിന്നീടുള്ള ലോകകപ്പുകളില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. എന്നാല്‍ ഇക്കുറി ആത്മവിശ്വാസത്തോടെയാണ് സൗത്ത് ഗെറ്റ് എന്ന പരിശീലകന്റെ കീഴില്‍ ഇംഗ്ലണ്ട് മോസ്‌കോയിലെത്തിയത്. ഹാരി കെയ്ന്‍ എന്ന 25-കാരന്‍ ആണ് ഇംഗ്ലീഷുകാരുടെ വജ്രായുധവും ടീമിന്റെ ക്യാപ്റ്റനും. പ്ലേയ് മേക്കര്‍ എന്ന അഡ്രസ്സുമായി ഗ്രൗണ്ടില്‍ ഇറങ്ങിയ പ്രമുഖ താരങ്ങളെല്ലാം റഷ്യയില്‍ പതറിയപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോളുകളടിച്ചു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തന്റെ വരവറിയിച്ചു.

പനാമക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ പെനാല്‍റ്റി അടക്കം ഹാട്രിക് നേടിയ കെയ്ന്‍ന്റെ മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പിച്ച ജയം കൂടി നേടിയപ്പോള്‍ ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലെന്നു വിമര്‍ശകര്‍ക്ക് വരെ സമ്മതിക്കേണ്ടി വന്നു. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബല്‍ജിയത്തോട് പരാജയപ്പെട്ടെങ്കിലും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നേരത്തെ ഉറപ്പാക്കിയിരുന്നു.

പ്രീ ക്വാര്‍ട്ടറില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ കൊളംബിയക്കെതിരെയും കളം നിറഞ്ഞത് ഹാരി കെയ്ന്‍ തന്നെ. ഹാരി നേടിയ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങവെയാണ് അവസാന മിനുട്ടില്‍ മറുപടി ഗോള്‍ വീണത്. പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കു നീങ്ങിയ മത്സരത്തില്‍ ഇംഗ്ലണ്ട് (4-3) കൊളംബിയയെ മറികടന്നപ്പോഴും ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കയ്യൊപ്പുണ്ടായിരുന്നു.

ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടിയുള്ള മത്സരത്തില്‍ ഒന്നാമത് ഉള്ള ഹാരിയെ പിടിച്ചു കിട്ടിയില്ലെങ്കില്‍ എതിര്‍ ടീമുകളുടെ വല നിറയും. ബെല്‍ജിയം സ്ട്രൈക്കര്‍ ലുക്കാക്കു ആണ് 4 ഗോളുകളുമായി കെയ്നിന്റെ പിന്നില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഉള്ളത്. ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ മത്സരം ശനിയാഴ്ച സ്വീഡനെതിരെയാണ്.

ഹാരി കെയ്ന്‍

ഹാരി എഡ്വാര്‍ഡ് കെയ്ന്‍ ആഴ്‌സണലിന്റെയും റിഡ്ജ് വേ റോവേഴ്സിന്റെയും യൂത്ത് അക്കാഡമിയിലൂടെ വളര്‍ന്നു വന്ന ഇംഗ്ലീഷ് താരമാണ്. 2011 ജനുവരിയില്‍ ടോട്ടനാം സീനിയര്‍ ടീമില്‍ എത്തിയെങ്കിലും അരങ്ങേറ്റ മത്സരം കിട്ടിയത് 2011 ആഗസ്റ്റ് 25ന് യൂറോപ്പാ ലീഗ് മത്സരത്തിലാണ്. ടോട്ടനാമില്‍ നിന്ന് പല ടീമുകളിലേക്കും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച കെയ്ന്‍, ടോട്ടനാം നിരയില്‍ ഒരു സ്ഥിര കളിക്കാരനായത് 2014-15 സീസണിലാണ്. കിട്ടിയ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കെയ്ന്‍ ശ്രമിച്ചു.

2015-6, 2016-17 സീസണുകളില്‍ ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയി. 2017-18 സീസണിലെ ആദ്യ 3 മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഹാരി 2017-ലെ അവസാന രണ്ട് മത്സരത്തിലും ഹാട്രിക്ക് നേടിയാണ് കളി അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയിളവില്‍ 6 ഹാട്രിക്കുകള്‍ നേടി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഈ താരം.

ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്ലാതെ ഒരു താരം ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ഈ ക്യാപ്റ്റനാണ് ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുന്നോട്ടുള്ള കരുത്ത്.ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇനി വമ്പന്‍ ക്ലബുകള്‍ കെയ്നിനു ചുറ്റും വട്ടം ഇട്ടും പറക്കും എന്നുറപ്പ്.

This post was last modified on July 4, 2018 6:32 pm