അമ്പതു വയസിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഫുട്ബോള്‍ ആരാധകരുടെ ഈ കറുത്ത മുത്ത്. ഇന്ത്യന്‍ ഫുട്ബോളിന് പകരം വെയ്ക്കാനില്ലാത്ത താരമായിരുന്നു ഐ.എം വിജയന്. വിജയന്റെ ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകം. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും കാല്പന്തിനെ മുറുകെ പിടിച്ച വിജയനെ പ്രശംസിക്കാത്തവര്‍ ഉണ്ടാകില്ല. കാല് പന്തിനോടുള്ള പ്രണയം വിജയന് നേട്ടങ്ങള്‍ ചെറുതല്ല നേടികൊടുത്തത്.
18 ാം വയസില്‍ കേരള പോലീസില്‍ ജോലി ലഭിച്ച താരത്തിന്റെ നേട്ടങ്ങള്‍ ചെറുതല്ല. ഇന്ത്യയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ താരം, പോലീസുകാരന്, സിനിമാനടന്, കേന്ദ്ര കായിക മന്ത്രാലയ നിരീക്ഷകരിലൊരാള്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, ഇങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന് നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്.പെലെയും മറഡോണയും ഇടം പിടിച്ച മനസുകളില്‍ പന്തടിച്ച് കയറിയ താരത്തെ 2003 ല്‍ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില് മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിനോളം വലുതായി, ദേശീയ ടീമിനെ നയിച്ചു. സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് വിസ്മയം തീര്‍ത്തു. പെലെ ലോക ഫുട്ബോളിന്റെ കറുത്ത മുത്തായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ക്കത് വിജയനായിരുന്നു. ബഗാനും ജെ.സി.ടി.യും ഈസ്റ്റ്ബംഗാളുമടക്കം ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം വിജയന് പന്ത് തട്ടിയിട്ടുണ്ട്. കേരള പോലീസിന് വേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട് വിജയന്.
This post was last modified on April 25, 2019 1:42 pm
Leave a Comment