X
    Categories: കായികം

ഫിഫ വനിത ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

നവംബര്‍ രണ്ടു മുതല്‍ 21 വരെയാകും ലോകകപ്പ് നടക്കുക

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിത ലോകകപ്പ് അടുത്തവര്‍ഷം നവംബറില്‍ നടക്കും. നവംബര്‍ രണ്ടു മുതല്‍ 21 വരെയാകും ലോകകപ്പ് നടക്കുക. വിവിധ ടൂര്‍ണമെന്റുകള്‍ക്കായുള്ള ഫിഫയുടെ സംഘാടക സമിതി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. എന്നാല്‍, മത്സരങ്ങളുടെ വേദിയായ നഗരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരവേദികളായി ഇന്ത്യ തീരുമാനിച്ച അഞ്ച് സ്റ്റേഡിയങ്ങളുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണം.

കൊല്‍ക്കത്ത, ഭുവനേശ്വര്‍, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവയാണ് ഫിഫ സംഘം പരിശോധന നടത്തിയ വേദികള്‍. ഇതിന് പുറമെ മറ്റ് ഏതാനും നഗരങ്ങള്‍ കൂടി ഫിഫയുടെ പരിഗണനയിലുണ്ടെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ റോമ ഖന്ന പറഞ്ഞു. ഈ വര്‍ഷം അവസാനമായിരിക്കും രണ്ടാംഘട്ട പരിശോധന.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ടൂര്‍ണമെന്റിന് ഇന്ത്യയായിരിക്കും ആതിഥേയത്വം വഹിക്കുകയെന്ന് ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫന്റിനോ പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്. 2017 ലെ പുരുഷന്‍മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയിലാണ് നടന്നത്.

This post was last modified on September 14, 2019 11:16 am