X

ഇന്ത്യന്‍ വനിതാ ഹോക്കിയുടെ സുവര്‍ണ സ്വപ്‌നം വെള്ളിയിലൊതുങ്ങി

സമനിലനേടാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം പുറത്തെടുത്ത ജപ്പാന്‍ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു

സ്വര്‍ണം തേടിയെത്തിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പരാജയപ്പെടുത്തി ജപ്പാന്‍ ജേതാക്കളായി. ഇന്ത്യയെ 2-1 ന് കീഴ്‌പെടുത്തിയാണ് ജപ്പാന്‍ സ്വര്‍ണം നേടിയത്. ജപ്പാന്‍ തങ്ങള്‍ക്ക് കിട്ടിയ രണ്ട് പെനാല്‍റ്റി കോര്‍ണറുകളും മുതലാക്കി, സമനില പിടിക്കാനുള്ള ഇന്ത്യന്‍ പോരാട്ടത്തെ പ്രതിരോധത്തിലൂടെ തടയുകയും ചെയ്തു. കിട്ടിയ ഒരു പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലയില്‍ എത്തിക്കാനും സാധിച്ചില്ല.

പതിനൊന്നാം മിനിറ്റില്‍ മിയാമിയാണ് ജപ്പാനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ നേഹ ഗോയാല്‍ ഇന്ത്യയ്ക്കു വേണ്ടി ഗോള്‍ മടക്കി. എന്നാല്‍ 44-ാം മിനിറ്റില്‍ മൊട്ടോമി കവുമാരി ജപ്പാനുവേണ്ടി വിജയഗോള്‍ നേടി. സമനിലനേടാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം പുറത്തെടുത്ത ജപ്പാന്‍ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. നേരത്തെ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

ഗെയിംസിന്റെ പതിമൂന്നാം ദിവസം മറ്റ് ഇനങ്ങളിലും ഇന്ത്യ മെഡല്‍ നേടിയിരുന്നു. പായ് വഞ്ചിയോട്ടത്തില്‍ ഇന്ത്യ മൂന്നു മെഡലുകളാണ് സ്വന്തമാക്കിയത്. പുരുഷന്മാരുടെ ടീം ഇനത്തില്‍ വരുണ്‍ അശോക്, കെസി ഗണപതി എന്നിവരടങ്ങിയ ടീം വെങ്കലവും വനിതകളുടെ ടീം ഇനത്തില്‍ വര്‍ഷ ഗൗതം, ശ്വേത ഷെര്‍വെംഗര്‍ എന്നിവരടങ്ങിയ ടീം വെള്ളിയും വനിതകളുടെ വ്യക്തിഗതയിനത്തില്‍ ഹര്‍ഷിത തൊമാര്‍ വെങ്കലവും നേടി.

സ്‌ക്വാഷ് പുരുഷന്മാരുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടി. സെമിയില്‍ ഹോങ്കോങ്ങിനോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കലത്തില്‍ ഒതുങ്ങിയത്. അതേസമയം, വനിതകളുടെ ടീം ഫൈനലില്‍ പ്രവേശിച്ചു. ബോക്സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ സെമിയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഇതോടെ 13 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 65 ആയി.

Related Post
Leave a Comment