മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വടകരയില്‍ ജനകീയ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെ ഉദ്ഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപ്രവര്‍ത്തകനും പ്രവാസിയുമായ ബിബിത്ത് കോഴിക്കളത്തിലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര പോലീസ് അകാരണമായി അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
വടകര പഴയ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റില്‍ അവസാനിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകഴിഞ്ഞ ഉടനെയായിരുന്നു ബിബിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2004 ല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ ചാര്‍ജ്ജ് ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം. ഇതില്‍ വാറന്റുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
വിദേശത്തായിരുന്ന ബിബിത്ത് നാട്ടിലെ പൊതുപരിപാടികളിലെല്ലാം സജീവസാന്നിധ്യമായിരുന്നു. പ്രളയക്കെടുതിയ്ക്ക് ശേഷം ആലപ്പുഴയില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനത്തിലും മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കോട്ട് നടന്ന പ്രതിഷേധസംഗമത്തിലും ബിബിത്ത് പങ്കെടുത്തിരുന്നു.
അതെ സമയം ബിബിത്തിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ആണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. ഇരുപത്തിനാലു വര്‍ഷം പഴയൊരു കേസ് പൊടി തട്ടിയെടുത്താണ് ഛത്തീസ് ഗഢിലെ ബി ജെ പി ഗവണ്‍മെന്റ് ഡോ. സെയ്ബാല്‍ ജെനയെ അറസ്റ്റ് ചെയ്തത്. പഴയ താളുകളില്‍നിന്ന് കേസുകള്‍ തപ്പിയെടുത്ത് ഒച്ചവയ്ക്കുന്നവരെ അമര്‍ച്ച ചെയ്യാമെന്ന് ഏകാധിപതികള്‍ക്കറിയാം എന്ന് സാംസ്‌കാരിക പ്രവർത്തകൻ ഡോക്ടർ ആസാദ് പറഞ്ഞു.
“പിടികിട്ടാപുള്ളിയായിരുന്നുവോ ബിബിത്? കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി ഐസക്കിനൊപ്പം ശുചീകരണ പ്രവൃത്തിചെയ്യുന്ന ഫോട്ടോ കണ്ടു. പ്രശ്നമുള്ളയിടങ്ങളില്‍ ഓടിയെത്തുന്ന സഖാവിനെ ഇത്രനാളും പൊലീസ് കണ്ടില്ല. കേന്ദ്ര സര്‍ക്കാറിനും സംഘപരിവാര രാഷ്ട്രീയത്തിനും എതിരെ സംസാരിച്ചു തുടങ്ങിയപ്പോള്‍ കേരള പൊലീസിനും ഹാലിളക്കം. ഈ രോഗത്തിന്റെ കാരണമെന്താവും? സഖാവ് ബിബിത്തിനെ വിട്ടയക്കാന്‍ സംസ്ഥാന ഭരണകൂടം തയ്യാറാവണം. ഇവിടെ അടിയന്തരാവസ്ഥയോ എന്നു മോഡിയോടു ചോദിച്ചവര്‍ക്ക് കേരളത്തിലും രക്ഷയില്ലല്ലോ എന്നു പരിതപിക്കാന്‍ ഇടവരരുത്” ആസാദ് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.
അവധിയ്ക് നാട്ടിലെത്തിയ ബിബിത്ത് പ്രളയ ദിനങ്ങളിൽ വടകര താലൂക്കിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപയിലധികം പിരിച്ച കലാസംഗമ പരിപാടിയിലും , പിന്നീട് വടകരയിലെ സുമനസ്സുകൾ ഐക്യപ്പെട്ട് പ്രളയബാധിതർക്കായ്
നടത്തിയ വിഭവ ശേഖരണ യജ്ഞത്തിലും മുന്നിൽ നിന്ന് പ്രവർത്തിച്ച് നഗരത്തിൽ ഓടി നടക്കുന്നുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
This post was last modified on September 1, 2018 9:32 am
Leave a Comment