X
    Categories: കായികം

സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് വമ്പന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

സെലക്ടര്‍മാരുടെ തീരുമാനങ്ങള്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിനു കാരണമായതായി ചൂണ്ടിക്കാട്ടി വമ്പന്‍തുക പാരിതോഷികം പ്രഖ്യാപിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ മികച്ച വിജയത്തിന് ശേഷം ദേശീയ ടീം സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് വമ്പന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് പേരടങ്ങിയ സെലക്ഷന്‍ കമ്മറ്റിയിലെ ഓരോ അംഗത്തിനും 20 ലക്ഷം രൂപ വീതമാണ് ബിസിസിഐ പാരിതോഷികം പ്രഖാപിച്ചിരിക്കുന്നത്.

എം എസ് കെ പ്രസാദ്, ശരണ്‍ദീപ്‌സിംഗ്, ജതിന്‍ പ്രഞ്ജ്പെ, ഗഗന്‍ ഖോഡ, ദേവാംഗ് ഗാന്ധി എന്നിവരാണ് ദേശീയ ടീം സെലക്ഷന്‍ കമ്മറ്റിയിലുള്ളവര്‍. ഈ അഞ്ച് പേര്‍ക്കുമാണ് 20 ലക്ഷം രൂപ വീതം ലഭിക്കുന്നത്. സീനിയര്‍ സെലക്ടര്‍മാര്‍ക്ക് മാത്രമായി മൊത്തം ഒരു കോടി രൂപയാണ് ബിസിസിഐ പാരിതോഷികം നല്‍കുന്നത്.

ടി20 പരമ്പരയില്‍ ഇന്ത്യയും, ഓസ്ട്രേലിയയും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് സമനിലയിലായപ്പോള്‍ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ 2-1 ന് ജയിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇന്ത്യന്‍ സെലക്ടര്‍മാരെടുത്ത ചില തീരുമാനങ്ങള്‍ നിര്‍ണായകമാവുകയും, പരമ്പരയുടെ ഗതി മാറ്റിമറിക്കുകയും ചെയ്തതായി ബിസിസിഐ കണ്ടെത്തുകയായിരുന്നു.

പൃഥ്വി ഷായ്ക്ക് പകരം മയങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പരമ്പരയില്‍ നിര്‍ണായകമായത്. ഇതിനൊപ്പം സന്തുലിതമായ ടീമിനെ പരമ്പരയ്ക്ക് തിരഞ്ഞെടുത്ത സെലക്ടര്‍മാര്‍, വ്യത്യസ്ത കോമ്ബിനേഷനുകളില്‍ ടീമിനെ ഇറക്കാന്‍ ടീം മാനേജ്മെന്റിനെ സഹായിച്ചതായും ബിസിസിഐ പറയുന്നു. സെലക്ടര്‍മാരുടെ മികച്ച തീരുമാനങ്ങള്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിനും കാരണമായതായി ചൂണ്ടിക്കാട്ടി അവര്‍ക്ക് വമ്പന്‍തുക പാരിതോഷികം പ്രഖ്യാപിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

This post was last modified on January 23, 2019 7:07 am