X

11 പേര്‍ ബിജെപി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ കൊല്ലപ്പെട്ടു? യുഎസ് ഹാക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുണ്ടെയുടെ മരണം റോയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കണമെന്ന് അനന്തരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു.

ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍ തന്റെ സഹായികളായ 11 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ഹാക്കര്‍ സയിദ് ഷൂജ. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നേരത്തെ മുന്‍ കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ, ഇവിഎം ഹാക്കിംഗ് അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നതിനാല്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് സയിദ് ഷൂജ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രങ്ങളുടെ കേബിളുകള്‍ നിര്‍മ്മിക്കുന്നവരെ സംബന്ധിച്ച് വിവരാവകാശപ്രകാരം അന്വേഷിച്ചതിനെ തുടര്‍ന്നാണെന്നും ഷൂജ പറഞ്ഞിരുന്നു. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്താണ് എന്നാണ് സയിദ് ഷൂജ പറഞ്ഞത്.

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുണ്ടെയുടെ മരണം റോയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കണമെന്ന് അനന്തരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. അതേസമയം യുഎസ് ഹാക്കര്‍ അപവാദപ്രചാരണം നടത്തി തെറ്റിദ്ധാരണ പരത്തുകയാണ് എന്ന് ആരോപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐപിസി 505 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രം നിര്‍മ്മിക്കുന്ന ഇസിഐഎല്ലില്‍ (ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അംഗമായിരുന്നു എന്ന ഷൂജയുടെ അവകാശവാദം കമ്പനി തള്ളി.