മെല്‍ബണ്‍ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്കും ആസ്ട്രേലിയയുടെ പാറ്റ്കമിന്‍സും ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടം. ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ 137 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിന് ശേഷം ബുംറ റാങ്കിംഗില്‍ 16ാം സ്ഥാനത്ത് എത്തി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബുംറ 16ല്‍ എത്തിയത്. അതേസമയം കമിന്‍സ് ആദ്യ അഞ്ചില്‍ എത്തുകയും ചെയ്തു. പുതുക്കിയ റാങ്കിങ് പ്രകാരം കമിന്‍സ് മൂന്നാം സ്ഥാനത്ത് എത്തി. കമിന്‍സും ഒമ്പത് വിക്കറ്റാണ് രണ്ട് ഇന്നിങ്സിലുമായി വീഴ്ത്തിയത്.
ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ട് 10ാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് രണ്ടാം സ്ഥാനത്ത്. ബാറ്റ്സ്മാന്മാരില്‍ വിരാട് കോഹ് ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണ്‍ ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് നാലാമത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ നാലു സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പത്തൊമ്പതാം സ്ഥാനത്തായി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ മൂന്നാം സ്ഥാനത്താണ്. ടീമുകളുടെ റാങ്കിഗില്‍ ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്ത് എത്തി. ടീം റാങ്കിങ്ങില്‍ 116 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തും 108 പോയിന്റോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.
This post was last modified on January 1, 2019 1:23 pm
Leave a Comment