ലോകകപ്പില്‍ എതിരാളികള്‍ ഭയക്കുന്ന ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ കഴിയുന്നില്ലെങ്കിലും തന്റെ ഓവറുകളില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ താരം വിജയിക്കുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ മല്‍സരിച്ചപ്പോള്‍ ബുംറയുടെ ഓവറുകള്‍ നിര്‍ണായകമായിരുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ബുംറ തന്റെ അവസാന അഞ്ചോവറില്‍ വിട്ടുകൊടുത്തത് 26 ണ്‍സ് മാത്രമാണ്. ബെന്‍ സ്റ്റോക്സിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി. ഇന്നു ബംഗ്ലാദേശിനെതിരേ അതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ബുംറയെ കാത്തിരിക്കുന്നത് പുതിയ നേട്ടമാണ്.
ഏകദിനത്തില്‍ അതിവേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ ആറാമത്തെ ബൗളറെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ അഞ്ചു വിക്കറ്റ് വീഴ്ത്താനായാല്‍ ബുംറയ്ക്കു റെക്കോര്‍ഡ് തീര്‍ക്കാം. താരത്തിന്റെ കരിയറിലെ 56ാം ഏകദിനമാണിത്.
ഇത്രയും മല്‍സരങ്ങളില്‍ നിന്നു തന്നെ 100 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ റെക്കോര്‍ഡ് പങ്കിടാനും ബുംറയ്ക്കു കഴിയും. ഷമിയെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസറായ ട്രെന്റ് ബോള്‍ട്ടും ഇത്രയും കളികളിലാണ് വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
Leave a Comment