X
    Categories: കായികം

ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ സ്വന്തമാക്കി ചെല്‍സി

അറ്റാക്കിങ് മിഡ്ഫീല്‍ഡറായും വിങ്ങറായും ഒരുപോലെ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് പുലിസിച്ച്.

ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അമേരിക്കയുടെ കൗമാരതാരം ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ 50 ദശലക്ഷത്തിലേറെ യൂറോ മുടക്കി ചെല്‍സി ടീമിലെത്തിച്ചതായി റിപോര്‍ട്ട്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് പുലിസിച്ചെത്തുന്നത്. അതേസമയം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി പുലിസിച്ചിനെ ചെല്‍സി ബൊറൂസിയക്ക് തന്നെ ലോണില്‍ നല്‍കിയിട്ടുണ്ട്.

അറ്റാക്കിങ് മിഡ്ഫീല്‍ഡറായും വിങ്ങറായും ഒരുപോലെ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് പുലിസിച്ച്.പ്രീമിയര്‍ ലീഗില്‍ പുലിസിച്ചിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള ചര്‍ച്ച തുടങ്ങിയിട്ട് കുറച്ചേറയായി. 2015-ല്‍ ഡോര്‍ട്ട്മുണ്ടിലെത്തിയ പുലിസിച്ച് ഇതിനകം തന്നെ ജര്‍മന്‍ ക്ലബിനായി നൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 20 കാരനായ ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അമേരിക്കന്‍ ദേശീയ ടീമിനായി 23 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒമ്പതു ഗോളും പുലിസിച്ച് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറ്റലിക്കെതിരായ മത്സരത്തില്‍ ടീമിനെ നയിച്ചതിലൂടെ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടവും പുലിസിച്ച് സ്വന്തമാക്കിയിരുന്നു.

ബൊറൂസിയക്ക് വേണ്ടി 115 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 15 ഗോളുകള്‍ നേടിയിട്ടുണ്ട്. കൂടാതെ 24 തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിയിട്ടുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുക എന്നത് താരത്തിന്റെ സ്വപ്നമായിരുന്നു എന്നും അത് കൊണ്ടാണ് താരത്തെ പോകാന്‍ അനുവദിച്ചതെന്നും ഡോര്‍ട്മുണ്ട് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മിഷേല്‍ വെബ്സൈറ്റില്‍ അറിയിച്ചു.

This post was last modified on January 2, 2019 5:23 pm