X
    Categories: കായികം

ചെസ് ലോകകപ്പ്; വിശ്വനാഥന്‍ ആനന്ദ് പങ്കെടുക്കില്ല, നിഹാല്‍ സരിന്‍ അടക്കം പത്ത് താരങ്ങള്‍ പങ്കെടുക്കും

വിജയികള്‍ അടുത്തവര്‍ഷത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ മാഗ്‌നസ് കാള്‍സനുമായി ഏറ്റുമുട്ടും

അടുത്തമാസം നാലിന് റഷ്യയില്‍ നടക്കുന്ന ചെസ് ലോകകപ്പില്‍ മലയാളി താരം നിഹാല്‍ സരിന്‍ അടക്കം 10 കളിക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ അടുത്തവര്‍ഷത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ മാഗ്‌നസ് കാള്‍സനുമായി ഏറ്റുമുട്ടും. ലോകകപ്പില്‍ ഫൈനലിലെത്തുന്ന രണ്ട് കളിക്കാര്‍ക്കും ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാവും. വിവിധ രാജ്യങ്ങളില്‍ നിന്നായി 128 കളിക്കാരാണ് ചെസ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

മലയാളി താരം നിഹാല്‍ സരിന് പുറമെ പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി.അധിബന്‍, സൂര്യ ശേഖര്‍ ഗാംഗുലി, എസ്. പി സേതുരാമന്‍, കാര്‍ത്തികേയന്‍ മുരളി, അരവിന്ദ് ചിദംബരം, നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, അബിജീത് ഗുപ്ത എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന കളിക്കാര്‍. ഏഴ് റൗണ്ടുകളിലായി നടക്കുന്ന ചെസ് ലോകകപ്പില്‍ ആദ്യ ആറ് റൗണ്ട് ക്ലാസിക്കല്‍ ഗെയിമായിരിക്കും. അവസാന റൗണ്ടില്‍ റാപ്പിഡ്, ബ്ലിറ്റ്‌സ് അല്ലെങ്കില്‍ സഡന്‍ഡെത്ത് ഗെയിമുകളായിരിക്കും ഉണ്ടാവുക. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായാണ് ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറിയത്.

This post was last modified on August 13, 2019 9:29 am