X

ഏത് അംബേദ്കര്‍? രാജ്യത്ത് ‘സംവരണ രോഗം’ പരത്തിയ ആളോ? ഹര്‍ദിക് പാണ്ഡ്യക്കെതിരേ കേസ്

ഇന്ത്യന്‍ ഭരണഘടനയേയും അംബേദ്കറേയും ഒപ്പം ഒരു സമുദായത്തേയുമാണ് പാണ്ഡ്യ അപമാനിച്ചിരിക്കുന്നതെന്നു ഹര്‍ജിക്കാരന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരേ ഡോ. ബി ആര്‍ ആംബേദ്കറെ അപമാനിച്ചുവെന്ന പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ ഭരണഘടന ശില്‍പിയായ അംബ്ദേകറെ അപമാനിക്കുകയും ദളിതരുടെ വികാരം വൃണപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അഭിഭാഷകനും രാഷ്ട്രീയ ഭീം സേന അംഗവുമായ ഡി ആര്‍ മേഘ്‌വാള്‍  ജോഥ്പൂര്‍ എസ് എസി/എസ് ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി രാജസ്ഥാന്‍ പൊലീസിനോട് പാണ്ഡ്യക്കെതിരേ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

തന്റെ ട്വിറ്റര്‍ അകൗണ്ടിലാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിവാദപരാമര്‍ശം നടത്തിയത്. ഒരു കമന്റില്‍ പാണ്ഡ്യ ചോദിക്കുന്നത് ‘ ഏത് അംബേദ്കര്‍? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ’ എന്നായിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്. പാണ്ഡ്യയെ പോലെ പ്രശസ്തനായൊരു ക്രിക്കറ്റ് താരം അംബേദ്കറേയും രാജ്യത്തിന്റെ ഭരണഘടനയേയും അപമാനിക്കുക മാത്രമല്ല, ഒരു വിഭാഗത്തിന്റെ വൈകാരികതയേയും മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു ഡി ആര്‍ മേഘ്‌വാളിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പാണ്ഡ്യയുടെ പരാമര്‍ശം താന്‍ ശ്രദ്ധിക്കുന്നതെന്നും അംബേദ്കറെ പോലൊരു വ്യക്തിത്വത്തെ അപമാനിക്കുകയും സമൂഹത്തില്‍ വിഭജനത്തിന് ശ്രമിക്കുകയുമാണ് പാണ്ഡ്യ ചെയ്തിരിക്കുന്നതെന്നും മേഘ് വാള്‍ ചൂണ്ടിക്കാണിക്കുന്നു. പാണ്ഡ്യ ചെയ്തിരിക്കുന്ന ഗൗരവമായ കുറ്റത്തിന് തക്കതായ ശിക്ഷ അദ്ദേഹത്തിന് കിട്ടണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.

This post was last modified on March 22, 2018 11:15 am