X
    Categories: കായികം

‘കോഹ്‌ലിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു’; വിരമിക്കല്‍ കത്തില്‍ അംബാട്ടി റായുഡു പറയുന്നു

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു.

ലോകകപ്പില്‍ നിന്ന് അവസരം നിഷേധിച്ചതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അംബാട്ടി റായുഡു ബിസിസിഐക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നുവെന്നാണ് റായുഡു കത്തില്‍ പറയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ അവസരം തന്ന ബിസിസിഐക്കും ഹൈദരാബാദ്, ആന്ധ്ര, വിദര്‍ഭ, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും നന്ദി പറയുന്നുവെന്നും ബിസിസിഐക്ക് അയച്ച കത്തില്‍ റായുഡു വ്യക്തമാക്കി.

ഇന്ത്യക്കായി നിരവധി മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായി കരുതുന്നു. തന്റെ ക്യാപ്റ്റന്‍മാരായിരുന്ന എം എസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക്  നന്ദി അറിയിക്കുന്നു. എന്റെ കരിയറിലുടനീളം എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് വിരാട് കോഹ്‌ലിക്ക് പ്രത്യേകം നന്ദി പറയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്രായപരിധിയില്‍ ക്രിക്കറ്റ് കളി തുടരാനായി. അതിന് എന്നെ സഹായിച്ച എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം നല്‍കിയ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി അറിയിക്കുന്നു-റായുഡു കത്തില്‍ വ്യക്തമാക്കി.

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി റായ്ഡുവിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.ഐപിഎല്ലിലും കളിക്കില്ലെന്നും വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂവെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.

 

 

This post was last modified on July 3, 2019 6:15 pm

Related Post
Leave a Comment