ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയതില്‍ സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ 465 റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തിന്റെ ബാറ്റിംഗ് ശരാശരി 66.42 ആണ്. കൂടാതെ ഇംഗ്ലണ്ടിനായി ഏഴു വിക്കറ്റും വീഴ്ത്തി താരം. ലോകകപ്പിലെ കലാശ പോരില്‍ ആദ്യ കിരീടം മോഹിച്ചിറങ്ങിയ ന്യൂസിലാന്‍ഡിന്റെ സ്വപ്‌നങ്ങളാണ് ബെന്‍ സ്‌റ്റോക്‌സ് തന്റെ ഇന്നിംഗ്‌സിലൂടെ തകര്‍ത്തെറിഞ്ഞത്. ഫൈനല്‍ മത്സരത്തില്‍ 84 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. സ്റ്റോക്ക്സിന്റെ ചെറുത്ത് നില്‍പ്പാണ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും കിവീസിന് നിരാശരായി മടങ്ങേണ്ടി വന്നത്. സൂപ്പര്‍ ഓവറിലേക്ക് പോയ മത്സരത്തില്‍ പിന്നീട് കൂടുതല്‍ ബൗണ്ടിറകള്‍ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയറായി സ്റ്റോക്ക്സിനെ നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് കിവീസുകാര്‍. ന്യൂസിലാന്‍ഡിലായിരുന്നു സ്റ്റോക്ക്സ് ജനിച്ചത്. പന്ത്രണ്ട് വയസ് വരെ താരം ജീവിച്ചതും അവിടെ.ന്യൂസിലാന്‍ഡിന് വേണ്ടി റഗ്ബി ലീഗ് കളിച്ച താരമായിരുന്നു സ്റ്റോക്ക്സിന്റെ പിതാവ് ജെറാഡ്. ബെന്‍ സ്റ്റോക്ക്സ് പിന്നെയങ്ങോട്ട് ഇംഗ്ലണ്ടില്‍ തുടര്‍ന്നെങ്കിലും താരത്തിന്റെ മാതാപിതാക്കള്‍ ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് മടങ്ങിയിരുന്നു. ”കീവീസിന് വേണ്ടി ബെന്‍ സ്റ്റോസ് കളിക്കുന്നില്ലെങ്കിലും, ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ചു, കുടുംബം ഇപ്പോഴും മവോരി പിന്തുടര്‍ച്ചക്കാരായി ഇവിടെ കഴിയുന്നു എന്നിവയെല്ലാം പരിഗണിച്ചാല്‍ ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയറായി സ്‌റ്റോക്‌സ് തെരഞ്ഞെടുക്കപ്പെട്ടേക്കാം” ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ ജഡ്ജ് കാമറോണ്‍ ബെന്നറ്റ് പറഞ്ഞു. ലോകകപ്പിന് ശേഷം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെയും ബെന്‍ സ്‌റ്റോക്‌സിനെയും ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കാന്‍ നിരവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും കാമറോണ്‍ ബെന്നറ്റ് പറഞ്ഞു. സെപ്റ്റംബര്‍ 15 വരെ പുരസ്‌കാരത്തിനായി അപേക്ഷകള്‍ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേരുടെ പട്ടിക ഡിസംബറില്‍ പ്രഖ്യാപിക്കും.
This post was last modified on July 19, 2019 1:36 pm
Leave a Comment