X

രണ്‍വീര്‍ സിങ് കപിലിനെ പഠിക്കുകയാണ്; ഇരുവരും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങും

കപില്‍ ദേവ് ആയി മാറാന്‍ ഞാന്‍ എന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്നും രണ്‍വീര്‍ പറഞ്ഞു.

ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു കാലത്ത് കപില്‍ദേവ് എന്ന്  പറഞ്ഞാല്‍  ആവേശമായിരുന്നു. കപിലിനോടുള്ള ആരാധന ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്നവരും ഉണ്ടാകും. ആദ്യമായി ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഇന്ത്യയെ എത്തിച്ച നായകനോടുള്ള ആരാധകരുടെ ഇഷ്ടം ഊഹിക്കാവുന്നതേയുള്ളു. അങ്ങിനെയൊരു താരമായി സിനിമയില്‍ വരുമ്പോള്‍ ആരാധകരെ കൈയിലെടുക്കണമെങ്കില്‍ കപിലിനെ പഠിക്കണം, വലിയ കടമ്പ തന്നെയാണ് അത്. അതുകൊണ്ട് തന്നെ താരത്തിനൊപ്പം പരിശീലനത്തിന് ഇറങ്ങുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്.

കപില്‍ ദേവിന്റെ ജീവിതം പറയുന്ന കബീര്‍ ഖാന്‍ ഒരുക്കുന്ന 83 എന്ന സിനിമയ്ക്ക് വേണ്ടി കപില്‍ ദേവിനൊപ്പം രണ്‍വീര്‍ സിങ് ഉടനെ പരിശീലനം ആരംഭിക്കും. 1983ല്‍ ലോര്‍ഡ്സില്‍ വിന്‍ഡിസിനെ തോല്‍പ്പിച്ച് ലോക കിരീടം ഉയര്‍ത്തിയ സംഭവങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയുന്നത്. ആദ്ദേഹത്തോടൊപ്പം സമയം ചിലവിടുകയാണ് ഇനി എന്റെ ലക്ഷ്യം. കപില്‍ദേവായി മാറുന്നതിന് അത് എന്നെ സഹായിക്കും.

എത്രത്തോളം അദ്ദേഹത്തില്‍ നിന്നും സ്വീകരിക്കാന്‍ പറ്റുമോ അത്രത്തോളം ഞാന്‍ ശ്രമിക്കും. അദ്ദേഹത്തിന്റെ കഥ, അനുഭവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, മുഖഭാവങ്ങള്‍ എല്ലാം എനിക്ക് മനസിലാക്കേണ്ടതുണ്ടെന്നും രണ്‍വീര്‍ പറയുന്നു. നേരത്തെ, ബൗളിങ് കോച്ച് ബല്‍വിന്ദര്‍ സിങ് സന്ധുവിനൊപ്പം രണ്‍വീര്‍ പരിശീലിച്ചിരുന്നു.

മൂന്നാഴ്ചയാണ് രണ്‍വീര്‍ കപില്‍ ദേവിനൊപ്പം തങ്ങുക. കപിലിന്റെ ബൗളിങ് ആക്ഷന്‍ ഉള്‍പ്പെടെയുള്ളവ പഠിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും അദ്ദേഹത്തിന്റെ ടിപ്സുകള്‍ ലഭിക്കണം. കഠിനാധ്വാനത്തിലൂടേയും, ആത്മവിശ്വാസത്തിലൂടേയും ചാമ്പ്യനായ വ്യക്തിയാണ് അദ്ദേഹം. കപില്‍ ദേവ് ആയി മാറാന്‍ ഞാന്‍ എന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്നും രണ്‍വീര്‍ പറഞ്ഞു.