X
    Categories: കായികം

ട്വന്റി20 ക്രിക്കറ്റില്‍ ഏഴ് വിക്കറ്റ് പ്രകടനം; ലോക റെക്കോര്‍ഡിലെത്തി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിന്റെ ഏറ്റവും പുതിയ സീസണിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഐതിഹാസിക പ്രകടനം.

ട്വന്റി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കോളിന്‍ അക്കര്‍മാന്‍. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിംഗ്ഹാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റില്‍ പുതിയ ലോകറെക്കോര്‍ഡിട്ടത്. ലെസസ്റ്റര്‍ഷെയര്‍ ഉയര്‍ത്തിയ 190 റണ്‍സ് പിന്തുടര്‍ന്ന ബിര്‍മിംഗ്ഹാം 134 റണ്‍സിന് ഓള്‍ ഔട്ടായി.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിന്റെ ഏറ്റവും പുതിയ സീസണിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഐതിഹാസിക പ്രകടനം. ഇതോടെ അക്കര്‍മന്റെ പേരിലായത് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന്റെ ലോക റെക്കോര്‍ഡ്. ഇരുപത്തെട്ടു വയസ്സായെങ്കിലും ഇനിയും രാജ്യാന്തര ക്രിക്കറ്റ് വേദിയില്‍ അക്കര്‍മന്‍ അരങ്ങേറിയിട്ടില്ല. ട്വന്റി20യില്‍ ഏതാണ്ട് മുപ്പതോളം താരങ്ങള്‍ ആറു വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഏഴു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി അക്കര്‍മന്‍! 2011ല്‍ സോമര്‍സെറ്റിനായി മലേഷ്യന്‍ താരം അരുള്‍ സുപ്പയ്യ 3.4 ഓവറില്‍ അഞ്ചു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ഇതോടെ രണ്ടാമതായത്. 2012ല്‍ സിംബാബ്വെയ്‌ക്കെതിരെ ശ്രീലങ്കയ്ക്കായി നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ സഹിതം എട്ടു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് പിഴുത അജാന്ത മെന്‍ഡിസിന്റെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റിലെ റെക്കോര്‍ഡ്.

This post was last modified on August 8, 2019 4:17 pm

Leave a Comment