X

പാകിസ്താനില്‍ നിന്നുള്ള സംഝോത എക്‌സ്പ്രസ് നിര്‍ത്തിയിട്ടില്ല എന്ന് റെയില്‍വേ

ഇന്ത്യന്‍ എഞ്ചിന്‍ സുരക്ഷാ ഗാര്‍ഡുകളടക്കം വാഗയില്‍ നിന്ന് അട്ടാരിയിലേയ്ക്ക് സംഝോത എക്‌സ്പ്രസിനെ കൊണ്ടുവരാനായി അയച്ചിട്ടുണ്ട്.

ഇന്ത്യയിലേയ്ക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് റെയില്‍വേ പിആര്‍ഒ. പാകിസ്താന്‍ ട്രെയിന്‍ തടഞ്ഞതായി പിടിഐ അടക്കമുള്ള ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സുരക്ഷാ ആശങ്കകള്‍ പങ്കുവയ്ക്കുക മാത്രമാണ് പാകിസ്താന്‍ അധികൃതര്‍ ചെയ്തത് എന്നാണ് വിശദീകരണം. ട്രെയിന്‍ ക്രൂവിന്റേയും ഗാര്‍ഡുകളുടേയും സുരക്ഷ സംബന്ധിച്ചാണ് പാകിസ്താന്‍ സുരക്ഷ ആശങ്ക പങ്കുവച്ചത്.

ഇന്ത്യന്‍ ഭാഗത്ത് സ്ഥിതിഗതികള്‍ ശാന്തമാണ് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എഞ്ചിന്‍ സുരക്ഷാ ഗാര്‍ഡുകളടക്കം വാഗയില്‍ നിന്ന് അട്ടാരിയിലേയ്ക്ക് സംഝോത എക്‌സ്പ്രസിനെ കൊണ്ടുവരാനായി അയച്ചിട്ടുണ്ട്. 110 പേരാണ് ഈ ട്രെയിനില്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേയ്ക്കും തിരിച്ച് ഡല്‍ഹിയിലേയ്ക്കുമാണ് പഞ്ചാബിലെ വാഗ – അട്ടാരി ബോര്‍ഡര്‍ വഴി സംഝോത എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. 1972ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്താന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഒപ്പുവച്ച ഷിംല കരാറിലെ ധാരണകള്‍ പ്രകാരം 1976ലാണ് സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം ചുരുക്കുകയും സ്ഥാനപതിയെ പുറത്താക്കുകയും പാകിസ്താന്‍ ചെയ്തിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2007ല്‍ സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് അടക്കമുള്ളവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. 2019 മാര്‍ച്ചില്‍ കേസില്‍ ബാക്കിയുണ്ടായിരുന്ന നാല് പ്രതികളേയും എന്‍ഐഎ കോടതി വെറുതെവിട്ടിരുന്നു. ഹിന്ദുത്വ സംഘടനാപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ് മുന്‍ യുപിഎ സര്‍ക്കാര്‍ ചെയ്തത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപിക്കുന്നത്.

This post was last modified on August 8, 2019 4:13 pm