ഓസ്ട്രേലിയന്‍ ടീമിന് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓസീസ് താരം ബാന്‍ക്രോഫ്റ്റ്. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കാരണമാണ് താന്‍ കൃത്യം നിര്‍വഹിച്ചതെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. വാര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് തെറ്റാണെന്ന് അറിഞ്ഞിട്ടും താന്‍ പന്ത് ചുരണ്ടിയത്. വാര്‍ണറെ കുറ്റപ്പെടുത്തി ‘ഡേവ് ആണ് പന്തില്‍ അത്തരമൊരു കാര്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും താരം പറയുന്നു. ആ തീരുമാനം എന്റെ മൂല്യങ്ങളെക്കൂടി ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
‘ ഫോക്സ് സ്പോര്‍ട്സിനോടായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ പ്രതികരണം. അതേസമയം വിവാദത്തില്‍ താന്‍ ഇരയാക്കപ്പെട്ടതാണെന്ന അഭിപ്രായമില്ലെന്നും താരം പറഞ്ഞു. ‘സംഭവത്തില്‍ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഞാന്‍ വലിയ തെറ്റാണ് ചെയ്തത്.’
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെയായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി കൃത്രിമത്വം കാണിച്ചു എന്ന കുറ്റത്തിന് അന്നത്തെ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം സസ്പെന്‍ഷനും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം സസ്പെന്‍ഷനും വിധിച്ചിരുന്നു. ഏപ്രില്‍ മാസം മുതല്‍ മൂവര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. അതേസമയം വിവാദത്തില്‍പ്പെട്ട സഹതാരങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തി നേരത്തെ സ്മിത്ത് രംഗത്തു വന്നിരുന്നു. ഗ്രൗണ്ടില്‍ നടന്ന തെറ്റ് തനിക്ക് നിയന്ത്രിക്കാമായിരുന്നു. അതിനുള്ള അവസരവും ഉണ്ടായിരുന്നു എന്നാല്‍ താന്‍ അതിന് മുതിര്‍ന്നില്ല. അതുകൊണ്ട് തന്നെ ആ തെറ്റിന്റെ ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നുമാണ് സ്മിത്ത് പ്രതികരിച്ചത്.
This post was last modified on December 26, 2018 11:21 am
Leave a Comment