X
    Categories: കായികം

ധോണി തിരിച്ചു വരുകയാണ് ലോകകപ്പിനായി; താരത്തിന്റെ ബാറ്റിംഗ് ശരാശരി അത്ഭുതപ്പെടുത്തുന്നത്

ഈ വര്‍ഷം ഇത് വരെ കളിച്ച 6 ഇന്നിംഗ്‌സുകളില്‍ 301 റണ്‍സാണ് ധോണിയുടെ സമ്പാദ്യം

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ മുന്‍ നായകന്‍ ഇടം പിടിക്കുമോ എന്നതില്‍ മാസങ്ങള്‍ക്ക് മുമ്പ് ആരാധകര്‍ക്ക് സംശയമായിരുന്നു. അത്ര മോശം പ്രകടനമാണ് ധോണിയില്‍ നിന്ന് ഉണ്ടായത്. മികച്ച വിക്കറ്റ് കീപ്പിംഗ് മികവ് പുറത്തെടുക്കുമ്പോഴും ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയുടെ പ്രകടനം പരാജയമായിരുന്നു. പ്രധാനമായും വേഗത കുറഞ്ഞ റണ്‍സ് സ്‌കോറിംഗ് തന്നെയായിരുന്നു മഹിക്ക് വിമര്‍ശകരെ കൂട്ടിയതും. 2018 ല്‍ കളിച്ച പതിമൂന്ന് ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് 25 ബാറ്റിംഗ് ശരാശരിയില്‍ 275 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ 2019 ല്‍ ധോണി വന്‍ തിരിച്ചുവരവാണ് നടത്തിയത്.

2019 ലെ ആദ്യ ഏകദിനപരമ്പരയില്‍ ഓസീസിനെതിരെ ധോണി നേടിയത് 51, 55*, 87 എന്നിങ്ങനെ സ്‌കോറുകള്‍. മൂന്ന് മത്സര ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ ധോണി പുതു വര്‍ഷത്തെ ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ ധോണി, കഴിഞ്ഞ ദിവസം ഓാസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ പുറത്താകാതെ 59 റണ്‍സും നേടി.

ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് പ്രധാനമായും ധോണി കളിക്കുന്നത്. ഈ വര്‍ഷം ഇത് വരെ കളിച്ച 6 ഇന്നിംഗ്‌സുകളില്‍ 301 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 4 അര്‍ധസെഞ്ചുറികളും നേടിയിട്ടുള്ള താരത്തിന്റെ ബാറ്റിംഗ് ശരാശരി 150.5 ആണ്. ലോകകപ്പിന് മുന്‍പ് തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് കുതിച്ചുയരുന്നത് ലോകകപ്പില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങളാകും നല്‍കുക.