X

പാറക്കല്ലിലും പുനരധിവാസത്തിലും തട്ടി വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും

പാറക്കല്ല് കൊണ്ടു വരേണ്ടത് അദാനിയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ബാധ്യത സര്‍ക്കാരിനുമുണ്ടെന്നാണ്‌ അദാനി ഗ്രൂപ്പ് പറയുന്നത്

പാറക്കല്ലിലും പുനരധിവാത്തിലും തട്ടി വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിക്കുമെന്ന് തുറമുഖം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗം വിളിച്ചാലും ക്വാറി അനുമതി പ്രധാന വെല്ലുവിളിയായി ശേഷിക്കുന്നുണ്ട്. ഇതുകൂടാതെ പുനരധിവാസ പാക്കേജും വെല്ലുവിളിയാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ അപേക്ഷകള്‍ തീരുമാനിച്ച് തീരുമാനമെടുക്കുമെന്നും കരാര്‍ കാലാവധി നീട്ടുന്നതില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

പദ്ധതി നടത്തിപ്പിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം പ്രതിമാസ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാറക്കല്ല് കൊണ്ടു വരേണ്ടത് അദാനിയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ബാധ്യത സര്‍ക്കാരിനുമുണ്ടെന്നാണ്‌ അദാനി ഗ്രൂപ്പ് പറയുന്നത്. പ്രളയകാലത്ത് അദാനിയ്ക്ക് ക്വാറി അനുമതി നല്‍കിയത് വിവാദമായിരുന്നു. വിഴിഞ്ഞത്തിനായി പാറപൊട്ടിക്കാന്‍ കണ്ടെത്തിയ പലസ്ഥലങ്ങളിലും പ്രാദേശിക എതിര്‍പ്പും ശക്തമാണ്. അതേസമയം പുനരധിവാസ പരാതികള്‍ പരിഹരിക്കേണ്ട ബാധ്യത സര്‍ക്കാരിന് മാത്രമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ ഉപജീവനം നഷ്ടപ്പെടുന്നവരുടെ പുനരധിവാസ പ്രശ്‌നത്തില്‍ വിഴിഞ്ഞം ജമാഅത്തും ഇടവകയും ഒരുപോലെ എതിര്‍പ്പ് ഉയര്‍ത്തുന്നതും സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തുന്നു.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ അപ്പീല്‍ സമിതിയോട് സഹായം ലഭിക്കാത്തവരുടെ അപേക്ഷകളില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. ഏറ്റവും പ്രധാനം കരാര്‍ കലാവധി നീട്ടലാണ്. കരാര്‍ കാലാവധിയായ ഡിസംബര്‍ നാലിനുള്ളില്‍ ആദ്യഘട്ടം തീരില്ലെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. കാലാവധി നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതും നിര്‍ണായകമാകും.

പാറക്കല്ലിന്റെ ക്ഷാമം മൂലം പുലിമുട്ട് നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. ‘പുനരധിവാസ പാക്കേജ് കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ അപേക്ഷകള്‍ പരിശോധിക്കും. ഇവയില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും. അദാനിയുമായും ചര്‍ച്ച നടത്തും. കരാര്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വിശദ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും’- കടന്നപ്പള്ളി പറയുന്നു.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍